പെരിങ്ങമ്മല: ആയിരക്കണക്കിന് കുരുന്നുകൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന വിദ്യാലയം അറുപതിന്റെ നിറവിൽ. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഏകവിദ്യാലയമായ തെന്നൂർ ജവഹർ എൽ.പി.എസ്സാണ് ബുധനാഴ്ച 60-ാം വാർഷികം ആഘോഷിക്കുന്നത്. കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് പിന്നീട് താത്‌കാലിക ഓലപ്പുരയിലേക്ക്‌ മാറിയ പള്ളിക്കൂടം ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. ആധുനികസൗകര്യമുള്ള ക്ലാസ് മുറികൾ, കുട്ടികളുടെ പാർക്കുകൾ, മികച്ചകെട്ടിടങ്ങൾ എന്നിവയെല്ലാം സ്വന്തമായുള്ള ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങി ജീവിതത്തിന്റെ മികച്ചമേഖലകൾ കണ്ടെത്തിയവർ ഏറെയാണ്. 1957-ൽ നരിക്കല്ല് ഏറെതലയ്ക്കലിലെ പഴയകളിയലിലാണ് കുടിപള്ളിക്കൂടം ആരംഭിച്ചത്. ജനാർദനപിള്ള, ശങ്കരൻപിള്ള എന്നീ രണ്ട് അധ്യാപകരാണ് അന്ന് ആകെയുണ്ടായിരുന്നത്. വി.ബി.ബാലചന്ദ്രൻനായരായിരുന്നു ഒന്നാംക്ലാസിൽ ആദ്യമായെത്തിയ വിദ്യാർഥി. മൂന്നുവർഷക്കാലം കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചു. പിന്നീട് നാട്ടുകാരും രക്ഷിതാക്കളും മുന്നിട്ടിറങ്ങി, പള്ളിക്കൂടത്തിന് സ്വന്തമായി സ്ഥലം കണ്ടെത്താൻ. ഏറെസാമ്പത്തിക ഞെരുക്കമുള്ളകാലം. എത്രശ്രമിച്ചിട്ടും പണംകണ്ടെത്താനാകാതെ വന്നതോടെ രണ്ടുപേർ ചേർന്ന് പുതിയ പള്ളിക്കൂടത്തിനായി സ്ഥലം സൗജന്യമായി വിട്ടുനൽകി. മുത്തിക്കാമൂല നാരായണപിള്ള, മൺപുറം ഷാഹുൽഹമീദ് എന്നിവരായിരുന്നു അറിവിനെ സ്നേഹിച്ചിരുന്ന ആ രണ്ടുപേർ. ഒരേക്കർ പത്തുസെന്റിൽ പഞ്ചായത്തിന്റെ സഹായത്തോടെ മുളംകമ്പും ഓലയും തടികളുമായി പള്ളിക്കൂടം പെട്ടെന്നുയർന്നു.

ആദ്യകാലഅധ്യാപകരായിരുന്ന ഗോപിനാഥൻനായർ, സദാനന്ദൻപിള്ള, അബൂബേക്കർ, കൃഷ്ണപിള്ള, നന്ദിനി, അബ്ദുൽറഹ്‌മാൻ എന്നിവരെല്ലാം വിദ്യാർഥികളുടെ ഓർമകളിൽ എക്കാലത്തും ഇടംപിടിച്ചവരാണ്. 60-ാം വാർഷികാഘോഷം ബുധനാഴ്ച രാവിലെ 11.00-മണിക്ക് ഡി.കെ.മുരളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ചിത്രകുമാരി സമ്മാനദാനം നൽകും. തുടർന്ന് കുട്ടികളുടെ കലാപരിപാടിയും പിറന്നാൾസദ്യയും.