തിരുവനന്തപുരം: പഴവങ്ങാടി ഗണപതിക്ഷേത്രത്തിന്റെ പുനർനിർമാണം അവസാനഘട്ടത്തിൽ. ഫെബ്രുവരിയിൽ ബാലാലയത്തിൽനിന്ന്‌ പുതിയ ശ്രീകോവിലിലേക്കുള്ള പ്രതിഷ്ഠ നടത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

ക്ഷേത്രത്തിന്റെ നിലവിലെ ശ്രീകോവിൽ പൊളിച്ചുമാറ്റി പുതിയ ശ്രീകോവിലിന്റെ നിർമാണമാണ് അവസാനഘട്ടത്തിലെത്തുന്നത്. ക്ഷേത്രത്തിനു പുറത്തുനിന്നു കൂടുതൽ പേർക്ക് വിഗ്രഹദർശനം സാധിക്കുന്ന വിധത്തിലാണ് ശ്രീകോവിൽ നിർമിക്കുന്നത്. ഇതിനുള്ള സ്ഥാനനിർണയവും ശിലാസ്ഥാപനവും ജൂണിൽ നടത്തിയിരുന്നു.

ദേവപ്രശ്നത്തിലാണ് ശ്രീകോവിൽ പുതുക്കിപ്പണിയണമെന്ന നിർദേശമുണ്ടായത്. കൂടുതൽ പേർക്ക് പെട്ടെന്ന് ദർശനം സാധ്യമാക്കണമെന്നും മഴക്കാലത്ത് ക്ഷേത്രത്തിലുണ്ടാകുന്ന വെള്ളക്കെട്ട് തടയണമെന്നും നിർദേശിച്ചിരുന്നു. ശ്രീകോവിൽ പൊളിച്ചുനിർമിക്കാനായി മേയ് 17-ന് ഗണപതിയുടെ മൂലവിഗ്രഹം, ഉപദേവതാ വിഗ്രഹങ്ങൾ എന്നിവ ബാലാലയത്തിലേക്കു മാറ്റിയിരുന്നു. പഴയ ശ്രീകോവിൽ പൂർണമായും പൊളിച്ചുമാറ്റി.

പുതുതായി നിർമിക്കുന്ന ശ്രീകോവിലിന് പൂർണതോതിൽ ചുറ്റുമതിൽ ഉണ്ടാവില്ല. നാലുചുറ്റും ഇടമതിലും അതിനു മുകളിൽ ഇരുമ്പ്‌ ഗ്രില്ലും സ്ഥാപിക്കും. മേൽക്കൂരയിൽ തേക്കിൻ തടി മേഞ്ഞ് പുറത്ത് ചെമ്പു പതിക്കും. ക്ഷേത്രവും പുറംഭാഗവും മറയുന്ന രീതിയിൽ മുകളിൽ മറ്റൊരു മേൽക്കൂരയും നിർമിക്കുന്നുണ്ട്. പുറത്തുള്ള ഗോപുരവും നടപ്പന്തലും അതേപടി നിലനിർത്തും. ഉപദേവതകളായ ദേവി, ശാസ്താവ്, നാഗർ എന്നിവയ്ക്കും പുതിയ ക്ഷേത്രം നിർമിക്കുന്നുണ്ട്. ശുചീന്ദ്രം മൈലാടിയിൽനിന്നാണ് ക്ഷേത്രനിർമാണത്തിനുള്ള കല്ലുകൾ കൊണ്ടുവന്നത്. മാവേലിക്കര ആർ.കെ.ആചാരിക്കാണ് നിർമാണച്ചുമതല. പൂജാസമയം, ദർശനക്രമം എന്നിവയിൽ മാറ്റമുണ്ടാകാതെയാണ് നിർമാണം പൂർത്തിയാക്കുന്നത്. വിനായകചതുർഥി ഉത്സവവും നടന്നിരുന്നു.

പദ്മനാഭപുരത്തുനിന്നു കൊണ്ടുവന്ന വിഗ്രഹം

തിരുവിതാംകൂറിന്റെ തലസ്ഥാനം പദ്മനാഭപുരത്തായിരുന്നപ്പോൾ പട്ടാളക്കാർ പൂജിച്ചിരുന്ന ഗണപതിവിഗ്രഹമാണ് പഴവങ്ങാടി ക്ഷേത്രത്തിലേത്. പദ്മനാഭപുരത്തെ കൽക്കുളം ശിവക്ഷേത്രത്തിലായിരുന്നു വിഗ്രഹം പൂജിച്ചിരുന്നത്. തലസ്ഥാനം മാറ്റിയപ്പോൾ വിഗ്രഹവും പട്ടാളക്കാർ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നു. ഇപ്പോൾ കരസേനയുടെ മദ്രാസ് റെജിമെന്റിനാണ് ക്ഷേത്രത്തിന്റെ ചുമതല. അഞ്ചുവർഷം മുൻപ് വിഗ്രഹം പൂർണമായും സ്വർണനിർമിതമാക്കിയിരുന്നു.