പാറശ്ശാല: സംസ്ഥാനത്ത് നടപ്പിലാക്കാനൊരുങ്ങുന്ന പ്ലാസ്റ്റിക് നിരോധനത്തിൽ പ്രതീക്ഷയർപ്പിച്ച് പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ‘ഹരിത’ പേപ്പർസഞ്ചി യൂണിറ്റ്. ഇക്കഴിഞ്ഞ മേയ് മാസത്തിൽ പ്രവർത്തനം ആരംഭിച്ചുവെങ്കിലും യൂണിറ്റിന്റെ പ്രവർത്തനം പ്രതിസന്ധിയിലായിരുന്നു.ആവശ്യക്കാർ ഇല്ലാത്തതായിരുന്നു കാരണം.
വനിതാ ശാക്തീകരണം ലക്ഷ്യമിട്ടാണ് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പേപ്പർസഞ്ചി നിർമാണ യൂണിറ്റ് ആരംഭിച്ചത്. 14 ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് യന്ത്രങ്ങൾ വാങ്ങിയത്. ജീവനക്കാർക്ക് രണ്ട് ഘട്ടത്തിലായി പരിശീലനവും നൽകി.
എന്നാൽ പ്ലാസ്റ്റിക് സഞ്ചികളെ അപേക്ഷിച്ച് വില കൂടുതലായതിനാൽ ആവശ്യക്കാരും കുറവായിരുന്നു. പ്രദേശത്തെ സ്വകാര്യ സ്ഥാപനങ്ങളെ സമീപിച്ചുവെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. പാറശ്ശാല താലൂക്ക് ആശുപത്രിയിൽനിന്ന് പേപ്പർ സഞ്ചികൾക്ക് ഓർഡർ ലഭിച്ചത് യൂണിറ്റിന് ആശ്വാസമായിട്ടുണ്ട്.
തമിഴ്‌നാട്ടിൽ പ്ളാസ്റ്റിക് നിരോധനം കർശനമാക്കിയതോടെ അതിർത്തിപ്രദേശത്തെ ചില വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഇവർക്ക് ഓർഡർ ലഭിച്ചു തുടങ്ങിയിരുന്നു. ഇവിടെ പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നതോടെ കൂടുതൽ ഓർഡറുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
തുണിസഞ്ചികളും ഇവിടെ നിർമിക്കുന്നുണ്ട്. അഞ്ച് രൂപ മുതൽ മുകളിലേക്കാണ് പേപ്പർ ബാഗുകളുടെ വില എങ്കിൽ തുണിസഞ്ചികൾക്ക് ഏഴ് രൂപ മുതൽ മുകളിലേക്കാണ്. വനിതകളുടെ നിയന്ത്രണത്തിലാണ് ഹരിത പേപ്പർ ബാഗ് യൂണിറ്റ് പ്രവർത്തിക്കുന്നത്. നിലവിൽ ബ്ലോക്ക് ഓഫീസ് പരിസരത്താണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
കുറഞ്ഞവിലയിൽ വില്പന
പ്ലാസ്റ്റിക് നിരോധനം കർശനമാക്കുമ്പോൾ കുറഞ്ഞ വിലയിൽ പേപ്പർ ബാഗുകൾ നൽകുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ സംരംഭത്തിന് സ്വകാര്യ സ്ഥാപനങ്ങളുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിൽ മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്നതിനെക്കാളും വളരെ കുറഞ്ഞ വിലയ്ക്കാണ് ഇവിടെ സഞ്ചികൾ നിർമിച്ച് നൽകുന്നത്.
വി.ആർ.സലൂജ, പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത്, പാറശ്ശാല