Thiruvananthapuram
നടപ്പാത കൈയേറി
പരസ്യബോര്‍ഡ് വീണ്ടും സ്ഥാപിച്ച നിലയില്‍ 

പാറശ്ശാല: ഉച്ചക്കട ജങ്ഷനിൽ ഓട കൈയേറിയുള്ള അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചതിന് പിന്നാലെ വീണ്ടും ചില വ്യാപാരസ്ഥാപനങ്ങൾ നടപ്പാത കൈയേറി. പി.ഡബ്ല്യു.ഡി. അധികൃതർ ഉച്ചക്കട ജങ്ഷനിൽ ഓടയ്ക്ക് മുകളിലുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ഓടയുടെ ശുചീകരണം നടത്തിവരവെയാണ് വീണ്ടും ഓടയ്ക്ക് മുകളിലെ സ്ലാബ് കൈയേറി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

ഉച്ചക്കട ജങ്ഷനിൽ സമീപത്തെ വ്യാപാരസ്ഥാപനങ്ങൾ ഓടകൾ കൈയേറി മൂടുകയും പരസ്യബോർഡുകൾ സ്ഥാപിക്കുകയും ചെയ്തതോടെ ഉച്ചക്കട ജങ്ഷനിൽ കാൽനടയാത്ര പോലും സാദ്ധ്യമല്ലാത്ത സ്ഥിതിയാണ്.

ഇതിനെതിരേ പരാതി ഉയർന്നതിനെ തുടർന്നാണ് പി.ഡബ്ല്യു.ഡി. അധികൃതർ കൈയേറ്റം ഒഴിപ്പിച്ച് ഓട ശുചീകരിച്ചത്. എന്നാൽ കൈയേറ്റം ഒഴിപ്പിച്ച് അധികൃതർ മടങ്ങിയതിന് തൊട്ടുപിന്നാലെ ചില വ്യാപാര സ്ഥാപനങ്ങൾ നടപ്പാത പൂർണമായും അടച്ച് വീണ്ടും പരസ്യബോർഡുകൾ സ്ഥാപിച്ചു.

ഇത്തരത്തിൽ വീണ്ടും പരസ്യബോർഡുകൾ സ്ഥാപിച്ചതിന് സമീപത്ത് തന്നെ പി.ഡബ്ല്യു.ഡി. അധികൃതർ ഓടയുടെ ശുചീകരണം നടത്തിവരവെയാണ് അധികൃതരുടെ കൺമുന്നിൽ തന്നെ വീണ്ടും പരസ്യബോർഡുകൾ സ്ഥാപിച്ചത്. പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ സ്ഥലത്ത് നിൽക്കെത്തന്നെ നടപ്പാത പൂർണമായും കൈയേറി അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ലായെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.

ഉച്ചക്കട ജങ്ഷനിൽ കാൽനടയാത്രക്കാർക്ക് തിരികെ ലഭിച്ച നടപ്പാത സംരക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.