പാറശ്ശാല: അതിർത്തിയിലെ തമിഴ്‌നാട് ചെക്‌പോസ്റ്റുകളിൽ പോലീസ് ഉദ്യോഗസ്ഥർ രാത്രിയിൽ ജോലി ചെയ്യുന്നത് ഒരു സുരക്ഷയുമില്ലാതെ. വിജനമായ സ്ഥലങ്ങളിൽ ജീവൻ പണയംെവച്ചാണ് പലപ്പോഴും ജോലി ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. പ്രധാന ചെക്‌പോസ്റ്റുകൾ ഒഴികെ മറ്റുള്ള ചെക്‌പോസ്റ്റുകളിൽ പലപ്പോഴും ഡ്യൂട്ടിയിലുള്ളത് ഒരാൾമാത്രമാകും. രാവിലെ എട്ടുമുതൽ രാത്രി എട്ട്‌ ആദ്യ ഷിഫ്റ്റും രാത്രി എട്ടു മുതൽ രാവിലെ എട്ടുവരെ രണ്ടാമത്തെ ഷിഫ്റ്റും.

ചെക്‌പോസ്റ്റുകൾ ആരംഭിച്ച കാലത്ത് ഒരോയിടത്തും എസ്.ഐ. ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്. എന്നാൽ, അത് കാലക്രമേണ മൂന്നായും രണ്ടായും ചുരുക്കി. പിന്നീട് ഒരാളായും. ഡ്യൂട്ടിയിലുള്ളവരാകട്ടെ പൂർണമായും നിരായുധരാണ്. ഒരു ലാത്തി പോലും ഇവർക്ക് അനുവദിച്ചുകൊടുത്തിട്ടില്ലായെന്നാണ് ഉദ്യോഗസ്ഥർ പരാതിപ്പെടുന്നത്. ചിലർ സ്വന്തമായി കമ്പുകൾവെട്ടി െവച്ചിട്ടുള്ളതു മാത്രമാണ് പലപ്പോഴും ഇവരുടെ ആശ്രയം. ചെക്‌പോസ്റ്റെന്ന പേര് മാത്രമാണുള്ളത്. ഹോളോ ബ്രിക്സ് ഉപയോഗിച്ച് കെട്ടിയ ഒരു മുറി മാത്രമാണ് പല ചെക്‌പോസ്റ്റുകളും. ഇവയിൽ പലതിലും വൈദ്യുതിയോ വെള്ളമോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ ഇല്ല. പ്രാഥമികാവശ്യങ്ങൾക്കുപോലും പലപ്പോഴും സമീപത്തെ വീടുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ചെക്‌പോസ്റ്റിലുള്ള ഉദ്യോഗസ്ഥർ.