ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് പാലച്ചൽകോണത്ത് ത്രികോണ മത്സരം. ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വാർഡ് കൺവെൻഷനുകൾ പൂർത്തിയായി. ഇതോടെ മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ അവസാനഘട്ട പ്രചാരണത്തിലാണ്.

ഉപതിരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം നിൽക്കെ എം.എൽ.എ.മാർ ഉൾപ്പെടെയുള്ള ജില്ലാ നേതാക്കളാണ് വാർഡിൽ പ്രചാരണത്തിനെത്തുന്നത്. യു.ഡി.എഫ്.സ്ഥാനാർത്ഥി നന്നംകുഴി രാജനു വേണ്ടി കോവളം എം.എൽ.എ. എം.വിൻസെന്റും ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉൾപ്പെടെയുള്ള ജില്ലാ ഭാരവാഹികൾ പ്രചാരണത്തിനുണ്ട്.

എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായ ഡി.ശാമളയ്കു വേണ്ടി നെയ്യാറ്റിൻകര എം.എൽ.എ. കെ.ആൻസലൻ, മുൻമന്ത്രി എ.നീലലോഹിതദാസൻ നാടാർ, മുൻ എം.എൽ.എ. ജമീലാ പ്രകാശം എന്നിവർ വാർഡിലുണ്ട്.

എൻ.ഡി.എ. സ്ഥാനാർത്ഥി രാധാകൃഷ്ണനുവേണ്ടി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സുരേഷ് ഉൾപ്പെടെയുള്ളവരുമുണ്ട്. എട്ടു വർഷമായി യു.ഡി.എഫ്. ഭരിക്കുന്ന വാർഡ് തിരിച്ചുപിടിക്കാനാണ് എൽ.ഡി.എഫ്. ശ്രമം.

പാലച്ചൽകോണത്ത് കന്നിവിജയം നേടി പഞ്ചായത്തിൽ ഒരു സീറ്റുകൂടി പിടിക്കാനാണ് എൻ.ഡി.എ. ശ്രമം. നിലവിലെ സീറ്റ് നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. വാർഡിൽ മൂവരുടെയും കന്നി അംഗമാണ്. ഇരുപത് വാർഡുകളുള്ള ബാലരാമപുരം പഞ്ചായത്തിൽ പതിനൊന്ന് അംഗങ്ങളുമായി എൽ.ഡി.എഫാണ് ഭരിക്കുന്നത്. യു.ഡി.എഫിന്‌ അഞ്ചും ബി.ജെ.പി.ക്ക്‌ നാലും അംഗങ്ങളുണ്ട്. 29-ന് തിരഞ്ഞെടുപ്പ് നടക്കും.

Content Highlight: panchalkonam ward election