പാലോട്: തെക്കൻകേരളത്തിലെ ഏറ്റവും വലിയ കന്നുകാലി ചന്തയായ പാലോട്ടെ കാർഷിമേളയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. കർഷകർക്ക് കന്നുകാലികളെ വിൽക്കുന്നതിനും വാങ്ങുന്നതിനുമായി ആരംഭിച്ച പാലോട് കാളച്ചന്തയാണ് പിന്നീട് പാലോട് മേളയായി മാറിയത്.

എല്ലാവർഷവും ഫെബ്രുവരി ഏഴു മുതൽ പതിനാറുവരെ നടക്കുന്ന കാർഷിക കലാസാംസ്‌കാരിക മേളയും കന്നുകാലിച്ചന്തയും വിനോദസഞ്ചാര വാരാഘോഷവുമായിട്ടാണ് സംഘടിപ്പിക്കുന്നത്. മേള മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. രാത്രി 10-ന് ഗാനമേള. വെള്ളിയാഴ്ച രാവിലെ സെമിനാർ ആയുർവേദ മെഡിക്കൽക്യാമ്പ്, വൈകീട്ട് 5-ന് മാധ്യമസമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഇക്കുറി മേളയുടെ ഏറ്റവും ആകർഷണം ചലച്ചിത്രോത്സവമാണ്. ഒരുദിവസം രണ്ട് ചിത്രം വീതം മേള നടക്കുന്ന പത്തുദിവസം വിവിധ ഭാഷകളിലെ രാജ്യാന്തര പ്രശസ്തി നേടിയ 20 ചിത്രങ്ങൾ പ്രദർശിപ്പിക്കും.

വടക്കൻ മലബാറിന്റെ രുചിഭേദങ്ങൾ അവതരിപ്പിക്കുന്ന, കുടുംബശ്രീയുടെ ഫുഡ് ഫെസ്റ്റ് പത്തുദിവസക്കാലം ഉണ്ടായിരിക്കും. മുപ്പതോളം കുടുംബശ്രീ പ്രവർത്തകർ, തത്സമയം പാചകം ചെയ്‌തെടുക്കുന്ന വിഭവങ്ങളും, കുടുംബശ്രീയുടെ അഞ്ച് സ്റ്റാളുകളും മേളയുടെ ഭാഗമായുണ്ട്.

മികച്ച കർഷകനുള്ള മലയോര കർഷക അവാർഡിനുപുറമേ പെരിങ്ങമ്മല, പാങ്ങോട്, നന്ദിയോട്, വിതുര പഞ്ചായത്തുകളിലെ ക്ഷീര സംഘങ്ങളെ പങ്കെടുപ്പിച്ച് ഫെബ്രുവരി 13-ന് ക്ഷീര കർഷക സംഗമം നടത്തും. മികച്ച ക്ഷീര സംഘത്തിന് പാലാഴി പുരസ്‌കാരം, ഏറ്റവും കൂടുതൽ പാൽ ഉത്‌പാദിപ്പിക്കുന്ന കർഷകന് ക്ഷീരാമൃതം പുരസ്‌കാരം, ഏറ്റവും ലക്ഷണമൊത്ത പശുവിന് കാമധേനു പുരസ്‌കാരവും കൂടാതെ മികച്ച അടുക്കളത്തോട്ടം, വാഴ, നെല്ല്, ഫലവർഗ കർഷകർക്കും പുരസ്‌കാരങ്ങൾ നൽകും. സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ ഇരുന്നൂറോളം പ്രദർശന, വിപണന സ്റ്റാളുകൾ മേളയുടെ ഭാഗമായി ഇത്തവണയും ഒരുക്കുന്നു. കന്നുകാലി പ്രദർശനവും പാണ്ടിമാടുകളുടേയും കിഴക്കൻ മാടുകളുടേയും വിൽപ്പനയും പത്തുദിവസക്കാലം ഉണ്ടാകും.

വിവിധസമ്മേളനങ്ങളിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.രാജു, കെ.കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുക്കും. ഫെബ്രുവരി 16-ന് സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്യും.

bb ** 56-ാമത് പാലോട് മേളയിൽ ഫെബ്രുവരി 13-ന് ക്ഷീരകേരളം പച്ചപ്പ്

പാലോട് മേളയിൽ ഇത്തവണ ക്ഷീരകർഷകരെ മുൻനിർത്തിയുള്ള രണ്ടാമത് കേരളമലയോര കർഷക കൃഷിശാസ്ത്ര സാംസ്‌കാരിക കോൺഗ്രസ് സംഘടിപ്പിക്കുന്നു. ഇതിന്റെ വിളംബരോദ്ഘാടനം നന്ദിയോട്ടിലെ ശ്രദ്ധേയ ക്ഷീരകർഷകൻ പവ്വത്തൂർ പുരുഷോത്തമൻ നായരുടെ കാലിത്തൊഴുത്തിൽ നടന്നു. നന്ദിയോട്, വിതുര, പെരിങ്ങമ്മല ,പാങ്ങോട് ഗ്രാമപ്പഞ്ചായത്തുകളിൽ നിന്നായി 200 ക്ഷീരകർഷകരെയും, എല്ലാ ക്ഷീരസംഘങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ട് കൃഷിയാചാര്യൻ ആർ.ഹേലിയുടെയും, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു എന്നിവർക്കു മുന്നിൽ അവതരിപ്പിക്കും.

വിളംബരോദ്ഘാടനത്തിൽ മേള ചെയർമാൻ എം.പി.വേണുകുമാർ, വൈസ് ചെയർമാൻ എം. ഷിറാസ് ഖാൻ ,സനൽ, മനോജ്, നന്ദിയോട് കൃഷി ഓഫീസർ എസ്.ജയകുമാർ, ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Content Highlight: Palodu mela and kannukali chandtha