പാലോട് : ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പഴകുറ്റി-പാലോട് റോഡിലെ വിണ്ടുകീറിയ ഭാഗങ്ങൾ റീ ടാർ ചെയ്തുതുടങ്ങി. ഇളവട്ടം സ്‌കൂൾ ജങ്ഷനു സമീപത്താണ് രണ്ടിടങ്ങളിലായി വിണ്ടുകീറിയ ഭാഗത്ത്‌ രണ്ടാംവട്ടവും ടാർ ചെയ്യുന്നത്. 25 കോടി ചെലവിട്ട് നിർമിക്കുന്ന റോഡ് ടാർചെയ്ത് ആഴ്ചകൾക്കുള്ളിൽ പൊട്ടിപ്പൊളിഞ്ഞു പോകുന്നതിനെപ്പറ്റി മാതൃഭൂമി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടിയുണ്ടായത്. പൊട്ടിപ്പൊളിഞ്ഞ ഭാഗമത്രയും വെട്ടിപ്പൊളിച്ച ശേഷമാണ് ടാറിങ്.

ഇവിടെ രണ്ടിഞ്ചുകനംപോലുമില്ല റോഡിന്. അശാസ്ത്രീയമായ ടാറിങ്ങാണ് റോഡ് ഇത്തരത്തിൽ പൊട്ടിപ്പൊളിയാൻ കാരണം.

മുൻപ് ടാറിങ് ജോലികൾ നടക്കുന്ന സമയത്ത് പാലോട് പ്ലാവറയിലും സമാനമായ രീതിയിൽ റോഡ് പൊട്ടിപ്പൊളിഞ്ഞിരുന്നു. വിഷയം നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇവിടെയും ടാറിട്ടാണ് പ്രശ്നം പരിഹരിച്ചത്. എന്നാൽ, ഇളവട്ടത്ത് രണ്ടിടങ്ങളിൽ റോഡ് പൊട്ടിയിളകിയത് അപ്പോൾത്തന്നെ സമീപവാസികൾ കരാറുകാരെ അറിയിച്ചിരുന്നു. എന്നാൽ, പരിഹാരമുണ്ടായില്ല.