പാലോട് : ഡാം പതിവായി തുറക്കുന്ന സമയത്ത് ഇതറിയാതെ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു. വെള്ളം പൊങ്ങി ആറിനു നടുക്കുള്ള പാറയിൽ ഒറ്റപ്പെട്ടുപോയ ഇവരെ നാട്ടുകാർ കരയ്‌ക്കെത്തിച്ചു.

തിങ്കളാഴ്ച വൈകീട്ട് ചെല്ലഞ്ചിയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വെമ്പായം സ്വദേശികളാണ് മീൻമുട്ടി ഡാം തുറന്നതിനെത്തുടർന്ന് ഒഴുക്കിൽപ്പെട്ടത്. ചെല്ലഞ്ചിയിലെ പുതിയ പാലം കാണാനും ആറ്റിൽ കുളിക്കാനുമായാണ് തിങ്കളാഴ്ച വൈകീട്ട് ഇവർ ചെല്ലഞ്ചിയിലെത്തിയത്. ഇവർ ആറ്റിൽ കുളിക്കുന്നതിനിടെ സമീപത്തെ മീൻമുട്ടി ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. എല്ലാദിവസവും പതിവായി ഡാം തുറക്കുന്ന സമയത്തുതന്നെയാണ് ഷട്ടർ ഉയർത്തിയത്. ഈ വിവരം യുവാക്കൾക്കറിയില്ലായിരുന്നു. ഷട്ടർ ഉയർത്തുന്നതോടെ സമീപത്തുള്ള ആറുകളിലെല്ലാം ജലനിരപ്പ് ഉയരുകയും ഒഴുക്കു കൂടുകയും ചെയ്തു. ആറ്റിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നപ്പോൾ കരയ്ക്കു കയറാനാകാതെ യുവാക്കൾ ഒഴുക്കിൽപ്പെട്ടു. തുടർന്ന് ആറിനു നടുക്കുള്ള വലിയ പാറപ്പുറത്ത് അഭയംതേടി.

ഇവിടെയിരുന്ന് നിലവിളിച്ച ഇവരെ നാട്ടുകാരെത്തി വടമെറിഞ്ഞ് ഒരുമണിക്കൂറോളം പണിപ്പെട്ട് കരയിലെത്തിക്കുകയായിരുന്നു.

അഗ്നിരക്ഷാസേന എത്തിയെങ്കിലും നാട്ടുകാർ ഇവരെ കരയ്‌ക്കെത്തിച്ചിരുന്നു. പാലം കാണാനെത്തുന്നവർ 60 അടിയിലധികം പൊക്കമുള്ള പാലത്തിന്റെ കൈവരിയിൽ നിന്നുകൊണ്ട് സെൽഫി എടുക്കാറുണ്ടെന്നും ഇത് ഏറെ അപകടമാണെന്നും നാട്ടുകാർ പറഞ്ഞു.