പാലോട് : വീടിനു സമീപത്തെ മഴക്കുഴിയിൽ വീണ് കുട്ടി മരിച്ചു. പാലോട് പേരയം ആനകുളം കൃഷ്ണവിലാസത്തിൽ ജിതോഷിന്റെയും ഗ്രീഷ്മയുടെയും മകൻ നിരഞ്ജൻ(5) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.

അമ്മ മൂത്ത മകൻ നിർമയനെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ നിരഞ്ജൻ വീടിനു ചുറ്റും ഓടിക്കളിക്കുകയായിരുന്നു. ഏറെസമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മഴക്കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

പേരയം ഗവ. എൽ.പി.എസിലെ ഒന്നാം ക്ളാസ് വിദ്യാർഥിയാണ്. വീടിനോടു ചേർന്നുള്ള മഴക്കുഴിയുടെ മുകളിൽ ഗ്രിൽ ഉണ്ടായിരുന്നു. ഇതു തുറന്നുനോക്കുന്നതിനിടയിലാകാം അപകടം സംഭവിച്ചതെന്നാണ് നിഗമനം.