വെള്ളനാട്: വെള്ളനാട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പഞ്ചായത്തുകുളം മാലിന്യങ്ങളും പായലും നിറഞ്ഞ് നശിക്കുന്നു. വെള്ളനാട്ടുകാരുടെ പ്രധാന ജലസ്രോതസ്സായ കുളം പായൽ കയറി നശിച്ചതോടെ ഈ കുളത്തിനെ ആശ്രയിച്ചിരുന്ന നാട്ടുകാർ ദുരിതത്തിലായി.
കുളിക്കാനും കാർഷിക ആവശ്യങ്ങൾക്കുമായി വെള്ളനാട്ടുകാർ നിത്യേന ഈ കുളത്തെ ആശ്രയിച്ചിരുന്നു. എന്നാലിപ്പോൾ കുളം മലിനമായതോടെ നാട്ടുകാർ കുളത്തെ ഉപേക്ഷിച്ചു. കുളം വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ജലസ്രോതസ്സുകൾ സംരക്ഷിക്കണമെന്ന് സർക്കാർ കർശന നിർദേശം നൽകുമ്പോഴാണ് വെള്ളനാട് പഞ്ചായത്ത് അധികൃതർ കുളം നവീകരിക്കുന്നതിനെതിരേ മുഖംതിരിഞ്ഞു നിൽക്കുന്നത്.
വെള്ളനാട് ഭഗവതി ക്ഷേത്രത്തിലെ തൂക്ക ഉത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഈ കുളം താത്കാലികമായി ശുചിയാക്കിയിരുന്നു. കുളം ഉൾപ്പെടുന്ന 50 സെന്റ് വസ്തു വൃത്തിയാക്കി തെങ്ങുകളും പൂന്തോട്ടങ്ങളും വെച്ചുപിടിപ്പിക്കുമെന്ന് അന്ന് പഞ്ചായത്ത് അധികൃതർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കുളം വൃത്തിയാക്കി ജനങ്ങൾക്ക് നൽകുന്നതിനു പകരം കുളത്തിനുസമീപം മൃഗാശുപത്രി നിർമിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് അധികൃതർ.
Content Highlights: Vellanad Panchayath Pond, Panchayath Pond in Bad Condiotion, No plan for renovating vellanadu panchayath pond