Nilgiri langur
ഞാറനീലിയില്‍നിന്നു വനംവകുപ്പ് പിടികൂടിയ കരിങ്കുരങ്ങ്

പെരിങ്ങമ്മല: പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ ഞാറനീലി ആദിവാസി മേഖലയെ കഴിഞ്ഞ മൂന്നുമാസമായി വട്ടംചുറ്റിച്ച കാട്ടുകറുമ്പൻ ഒടുവിൽ വനംവകുപ്പിന്റെ പ്രത്യേക രക്ഷാസേനയുടെ വലയിലായി. സംരക്ഷിത മൃഗങ്ങളുടെ കൂട്ടത്തിൽപ്പെട്ട കരിങ്കുരങ്ങാണ് റാപ്പിഡ് ആക്‌ഷൻഫോഴ്‌സിന്റെ വലയിലകപ്പെട്ടത്.

ഞാറനീലി ഗവ. കാണിസ്കൂളിലും സമീപത്തെ അംബേദ്കർ ആദിവാസി റസിഡൻഷ്യൽ സ്കൂളിലും നിരന്തരം ശല്യമായിരുന്നു ഈ കരിങ്കുരങ്ങ്. തന്നെ ചേർത്ത് മൊബൈലിൽ സെൽഫിയെടുക്കുന്നവരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു ഈ കുരങ്ങ്.

ഞാറനീലിയിലും പരിസരങ്ങളിലും നാട്ടുകാരോടൊത്ത് ചങ്ങാത്തം സ്ഥാപിച്ച കുരങ്ങ് കുട്ടികളുടെനേരെ ഒരിക്കൽപ്പോലും ആക്രമണം നടത്തിയിരുന്നില്ല. ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നവരുടെ നേരെയാണ് ഏറ്റവുമധികം ഇവൻ അക്രമം നടത്തിയിരുന്നത്. കടകളിൽനിന്നു പഴവും മറ്റ് ആഹാര സാധനങ്ങളും തട്ടിപ്പറിച്ച് ആഹാരമാക്കിയതോടെയാണ് കരിമന്തിയെന്ന് നാട്ടുകാർ പേരിട്ട കുരങ്ങ് വില്ലനായത്.

ഞാറനീലിയിൽ നിരന്തരം ശല്യക്കാരനായ കരിങ്കുരങ്ങിനെക്കുറിച്ച് പാലോട് വനം വകുപ്പിന്റെ ഒാഫീസിൽ നിരവധി പരാതികൾ നൽകിയിരുന്നു.

തുടർന്നാണ് ഫോറസ്റ്റ് റാപ്പിഡ് ഫോഴ്‌സ് ടീം അംഗങ്ങളായ വിജയമോഹൻ, രാഹുൽ, നിഷാദ്, ശരത്, സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ കൂടുവച്ച് കുരങ്ങനെ പിടികൂടിയത്. പിടികൂടിയ കുരങ്ങനെ പാലോട് ഫോറസ്റ്റ് റേയ്‌ഞ്ച് ഓഫീസർക്ക് കൈമാറി.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം സംരക്ഷിത മേഖലയായ പ്രദേശത്തേക്ക്‌ കുരങ്ങനെ വിട്ടയച്ചതായി പാലോട് റേയ്‌ഞ്ച് ഒാഫീസർ അജിത്ത് പറഞ്ഞു.

Content Highlights: Nilgiri langur caught from village Peringammala