നെയ്യാറ്റിൻകര: പ്രായഭേദമില്ലാതെ വിവിധ മത്സരപ്പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കായി പരിശീലനമൊരുക്കി നെയ്യാറ്റിൻകര കരിയർ ഡെവലപ്‌മെന്റ് സെന്റർ(സി.ഡി.സി.). പട്ടികജാതി, വർഗ, ഭിന്നശേഷി വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്കായുള്ള സൗജന്യ പരിശീലന പരിപാടി തുടങ്ങി.

നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിന് കീഴിലാണ് സി.ഡി.സി. പ്രവർത്തിക്കുന്നത്. തൊഴിൽരഹിതർക്കും വിദ്യാർഥികൾക്കുമായിട്ടാണ് സി.ഡി.സി. പ്രവർത്തിക്കുന്നത്. വിദ്യാർഥികൾക്ക് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ നൂതന പ്രവണതകളെക്കുറിച്ചും കാലാനുസൃതമായി ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അറിവും പരിശീലനവും നൽകി ഉന്നതവിദ്യാഭ്യാസവും അനുയോജ്യമായ തൊഴിലും നേടിയെടുക്കാൻ സഹായിക്കുകയാണ് സി.ഡി.സി.യുടെ ലക്ഷ്യം. അതോടൊപ്പം തൊഴിലന്വേഷകർക്ക് അഭിരുചിയുള്ള കോഴ്‌സുകളിൽ പ്രവേശനവും യോഗ്യതയ്ക്കനുസരിച്ച് തൊഴിലും ലഭ്യമാക്കും.

കരിയർ ഇൻഫർമേഷൻ, കരിയർ ഗൈഡൻസ്, കരിയർ കൗൺസിലിങ്, പ്രീ ഇന്റർവ്യൂ പരിശീലനം, മത്സരപ്പരീക്ഷ പരിശീലന പരിപാടി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സന്നദ്ധസംഘടനകൾക്കും വേണ്ടിയുള്ള കരിയർ ഗൈഡൻസ് ക്ലാസുകൾ എന്നിവ സി.ഡി.സി. നൽകുന്ന സേവനങ്ങൾ. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ, വനിതകൾ എന്നിവർക്കായി പ്രത്യേക പരിശീലന പരിപാടി സി.ഡി.സി. ചെയ്യുന്നുണ്ട്.

നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകളിലും കോളേജുകളിലും കരിയർ ഗൈഡൻസ് ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.

പരിശീലന പരിപാടിയുടെ ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ. നിർവഹിച്ചു.

നഗരസഭാധ്യക്ഷ ഡബ്ല്യു.ആർ.ഹീബ അധ്യക്ഷയായി. കെ.സനിൽകുമാർ, എൽ.ജെ.റോസ് മേരി, നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബു, പരശുവയ്ക്കൽ മോഹനൻ, എസ്.ത്രിഭുവനരാജ് എന്നിവർ സംസാരിച്ചു.