നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗികളെ കാണാനെത്തുന്നവരുടെ സന്ദർശന നിരക്ക് കുത്തനെ കൂട്ടി. ജൂണിൽ അഞ്ച് രൂപയായി ഉയർത്തിയിരുന്ന സന്ദർശനടിക്കറ്റ് നിരക്കാണ് പത്തുരൂപയായി ഉയർത്തിയത്.
ഇക്കഴിഞ്ഞ ജൂണിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ വിവിധ സേവനങ്ങൾക്കുള്ള നിരക്ക് വർധിപ്പിച്ചിരുന്നു. ഒ.പി. ടിക്കറ്റ് മുതൽ വിവിധ പരിശോധനകൾക്ക് വരെയുള്ള നിരക്കാണ് വർധിപ്പിച്ചത്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വർധിപ്പിച്ചത്.
ഒ.പി.ടിക്കറ്റ്, സന്ദർശന പാസ് നിരക്ക്, എക്‌സ്‌റേ, ലാബിലെ വിവിധ പരിശോധനകൾക്കുള്ള നിരക്കുകളടക്കമാണ് രണ്ട് മാസം മുൻപ് വർധിപ്പിച്ചിരുന്നത്. പെട്ടെന്നുള്ള നിരക്ക് വർധനവിനെതിരേ പ്രതിഷേധവുമുയർന്നിരുന്നു.
ഏപ്രിലിൽ ഇറക്കിയ സർക്കാർ ഉത്തരവ് പ്രകാരമായിരുന്നു നിരക്ക് വർധന നടപ്പിലാക്കിയത്. പാർലമെന്റ് തിരഞ്ഞെടുപ്പ് കാലമായതിനാൽ നിരക്ക് വർധന ജൂണിലാണ് നടപ്പിലാക്കിയത്. നിലവിലുണ്ടായിരുന്ന നിരക്കിനെക്കാൾ പത്ത് ശതമാനം മുതലാണ് വർധിപ്പിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ രോഗികളെ സന്ദർശിക്കുന്നതിനുള്ള പാസിന് മൂന്ന് രൂപയിൽ നിന്നു അഞ്ച് രൂപയാക്കിയിരുന്നു. എന്നാൽ ഈ നിരക്ക് രണ്ട് മാസം പിന്നിട്ടപ്പോൾ പത്ത് രൂപയാക്കി വർധിപ്പിച്ചിരിക്കുകയാണ് ആശുപത്രി അധികൃതർ. ആശുപത്രി വികസന ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിരക്ക് വർധിപ്പിച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
എന്നാൽ വീണ്ടും സന്ദർശന പാസിന്റെ നിരക്ക് വർധിപ്പിച്ചതിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. സന്ദർശക പാസിനുള്ള നിരക്ക് വർധനവ് പിൻവലിക്കണമെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത് ചന്ദ്രൻ ആവശ്യപ്പെട്ടു. നിരക്ക് വർധനവിനെതിരേ തിങ്കളാഴ്ച ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സന്ദർശന പാസിന്റെ നിരക്ക് ജൂണിൽ പത്ത് രൂപയാക്കി നിശ്ചയിച്ചിരുന്നതായി സൂപ്രണ്ട് ഡോ.ദിവ്യ വ്യക്തമാക്കി. നിരക്ക് വർധിപ്പിച്ചെങ്കിലും നേരത്തെ പ്രിന്റ് ചെയ്തിരുന്ന പാസാണ് വിതരണം ചെയ്തിരുന്നത്. പുതിയ പാസിൽ പത്ത് രൂപയായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.