നെയ്യാറ്റിൻകര: കാളിപ്പാറ പദ്ധതിയിലെ തൊഴുക്കലിലെ പൈപ്പിലുണ്ടായ ചോർച്ച രണ്ടു ദിവസമായിട്ടും ജല അതോറിട്ടി അധികൃതർക്ക് അടയ്ക്കാനായില്ല. ചോർച്ച അടയ്ക്കാനാവാത്തതു കാരണം രണ്ടു ദിവസമായി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴായി ഒഴുകിപ്പോയത്. അതിനിടെ, തിങ്കളാഴ്ച നാട്ടുകാർ പ്രതിഷേധിച്ചതിനെത്തുടർന്നാണ് സംഭവസ്ഥലത്ത് ജല അതോറിട്ടി അധികൃതർ എത്തിയത്.
കാളിപ്പാറ പദ്ധതിയിലെ ശുദ്ധജലം തൊഴുക്കലിലെ ഓവർഹെഡ് ടാങ്കിൽ കയറ്റുന്ന പൈപ്പിലാണ് ചോർച്ചയുണ്ടായത്. ശനിയാഴ്ച രാത്രിയിലാണ് ചോർച്ചയുണ്ടായത്. ചോർച്ചയുണ്ടായ ഉടനെ നാട്ടുകാർ ജല അതോറിട്ടിയുടെ കൺട്രോൾറൂമിൽ വിവരമറിയിച്ചു. എന്നാൽ, ടാങ്കിലേക്കു വെള്ളം കയറ്റുന്നത് അധികൃതർ നിർത്തിയില്ല.
തുടർന്ന് ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം കുത്തിയൊലിച്ചു പാഴായിപ്പോയി. ശുദ്ധജലം പാഴായി ഒഴുകിപ്പോയിട്ടും വാൽവ് അടയ്ക്കാൻ അധികൃതർ തയ്യാറായില്ല. വാൽവ് അടച്ചാൽ വിദൂരപ്രദേശത്തുള്ളവർക്കു കുടിവെള്ളം ലഭിക്കില്ലെന്ന വിചിത്രവാദമാണ് ജല അതോറിട്ടി അധികൃതരെടുത്തത്.
തിങ്കളാഴ്ച ഉച്ചയായിട്ടും ജല അതോറിട്ടി അധികൃതർ സംഭവസ്ഥലത്തെത്തിയില്ല. തുടർന്നു നാട്ടുകാർ സംഘടിച്ച് പ്രതിഷേധിക്കാൻ തുടങ്ങി. ഇതിനിടെ, നാട്ടുകാർ ജല അതോറിട്ടി എം.ഡി.യെയും ഇക്കാര്യമറിയിച്ചു. ഇതിനു ശേഷമാണ് നെയ്യാറ്റിൻകര ഓഫീസിൽനിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
കാളിപ്പാറ പദ്ധതി കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ ഭരണകാലത്താണ് കമ്മിഷൻ ചെയ്തത്. പദ്ധതി കമ്മിഷൻചെയ്ത ശേഷം അൻപതിലേറെ പ്രാവശ്യമാണ് കാളിപ്പാറയുടെ പ്രധാന പൈപ്പുകളിൽ ചോർച്ചയുണ്ടായത്. അടിക്കടി പൈപ്പിൽ ചോർച്ചയുണ്ടാകുന്നതു കണ്ടെത്തി പ്രശ്നപരിഹാരം കാണാൻ ഇതുവരെ അധികൃതർക്കായിട്ടില്ല. പൈപ്പിലൂടെ ജലമൊഴുകുമ്പോഴുണ്ടാകുന്ന അമിതമർദ്ദം നിയന്ത്രിക്കാനായി എയർവാൽവുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതുവരെ എയർവാൽവുകൾ സ്ഥാപിച്ചിട്ടില്ല.
കുടിവെള്ളം മുടങ്ങും
തൊഴുക്കലിലെ പൈപ്പിലുണ്ടായ ചോർച്ച അടയ്ക്കുന്ന ജോലികൾ ചൊവ്വാഴ്ച രാവിലെ മുതൽ ആരംഭിക്കും. അതിനാൽ കാളിപ്പാറ പദ്ധതിയിൽനിന്നുള്ള കുടിവെള്ളവിതരണം തടസ്സപ്പെടും. ചോർച്ച അടച്ചതിനു ശേഷം മാത്രമേ കുടിവെള്ളവിതരണം പുനഃസ്ഥാപിക്കുകയുള്ളൂ.
എയർവാൽവ് സ്ഥാപിക്കാൻ ടെൻഡറായി
കാളിപ്പാറ പദ്ധതിയിലെ പൈപ്പുകൾ കടന്നുപോകുന്നിടത്ത് എയർവാൽവുകൾ സ്ഥാപിക്കും. മൂന്നിടത്താണ് എയർവാൽവുകൾ സ്ഥാപിക്കുക. ഇതിനുള്ള ടെൻഡർ നടപടിയായി. തൊഴുക്കലിലെ പൈപ്പിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായുള്ള ജോലികൾ ചൊവ്വാഴ്ച തുടങ്ങും.
നാരായണൻ നമ്പൂതിരി
-എക്സിക്യുട്ടീവ് എൻജിനീയർ,
ജല അതോറിട്ടി, നെയ്യാറ്റിൻകര ഡിവിഷൻ