മാറനല്ലൂർ: നെയ്യാറിലെ അരുവിക്കര കാമത്തോടിന് സമീപം കരയിടിച്ചിൽ.

പത്തോളം കുടുംബങ്ങൾ ഭീഷണി നേരിടുകയാണ്.

കഴിഞ്ഞ പ്രളയകാലത്ത് പുന്നാവൂരിൽ ദുരിതാശ്വാസ ക്യാമ്പിലാണ് ഈ കുടുംബങ്ങളെ പാർപ്പിച്ചിരുന്നത്. അന്ന് സ്ഥലം സന്ദർശനം നടത്തിയ ജനപ്രതിനിധികളും, ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ആറിന്റെ വശങ്ങളിൽ പാർശ്വഭിത്തി കെട്ടാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് പറഞ്ഞിരുന്നു.

ഒരു വർഷം പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. മൺകട്ടയിൽ നിർമിച്ച വീടുകളിലാണ് ഭൂരിഭാഗം പേരും താമസിക്കുന്നത്. അനുമതി ലഭിക്കാത്തതിനാൽ ഇവർക്ക് സ്വന്തം നിലയിൽ നവീകരണം നടത്താനാകുന്നില്ല. തീരത്ത് നിരവധി കൈയേറ്റങ്ങളുണ്ടെന്നും ഇക്കാര്യം പരിശോധിക്കാൻ വില്ലേജധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജലസേചനവകുപ്പുദ്യോഗസ്ഥർ പറഞ്ഞു. പാർശ്വഭിത്തി കെട്ടുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.