നെടുമങ്ങാട്: ആനാട് ഗ്രാമപ്പഞ്ചായത്ത് താഴ്ന്നമല വാർഡിലുൾപ്പെട്ട കുന്നത്തുമല ആറാംപള്ളി തോട്ടിൽ മാലിന്യംതള്ളൽ വ്യാപകമാകുന്നു. കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുന്ന മാലിന്യംതള്ളലിന് പരിഹാരംകാണാൻ ആരോഗ്യവകുപ്പിനോ, ഗ്രാമപ്പഞ്ചായത്തിനോ സാധിക്കുന്നില്ലെന്നു പരാതി. കുന്നത്തുമല അങ്കണവാടിക്കുസമീപം കഴിഞ്ഞ ദിവസം രാത്രിയിൽത്തള്ളിയ കോഴിയുടെയും മൃഗങ്ങളുടെയും അവശിഷ്ടം അടങ്ങിയ അൻപതിലധികം ചാക്കുകൾ ഇവിടെ തള്ളി.

സമീപത്തെ പുരയിടത്തിലും മാംസാവശിഷ്ടം അടങ്ങിയ ചാക്കുകെട്ട് തള്ളിയിട്ടുണ്ട്. തോട്ടിൽ കുളിക്കാൻ എത്തിയവരാണ് ചാക്കുകെട്ടുകൾ ആദ്യം കണ്ടത്. ചാക്കുകെട്ടുകളിൽനിന്നു ദുർഗന്ധവും വമിക്കുന്നുണ്ടായിരുന്നു. മാലിന്യം ഒലിച്ചിറങ്ങി തോട്ടിലെ വെള്ളവും മലിനമായി. ഇതേ തോട്ടിൽ നിന്ന്‌ നൂറുകണക്കിന് വീട്ടുകാർ വസ്ത്രം കഴുകാനും മൃഗങ്ങളെ കുളിപ്പിക്കാനും ഉപയോഗിക്കുന്നുണ്ട്.

ആറാംപള്ളി കുടിവെള്ള പമ്പുഹൗസിലേക്കാണ് മാലിന്യം വഹിച്ചുകൊണ്ട് തോട്ടിലെ വെള്ളം ഒഴുകിയെത്തുന്നത്. പമ്പുഹൗസിൽ എത്തിച്ചേരുന്ന ഇതേവെള്ളം ശുദ്ധീകരിച്ചാണ് ആനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നത്. തോട്ടിൽ മാലിന്യം അടങ്ങിയ ചാക്കുകെട്ടുകൾ തള്ളിയിരിക്കുന്ന വിവരം അധികൃതരെയും വലിയമല പോലീസിനെയും അറിയിച്ചിട്ടും മാലിന്യ നിർമാർജനത്തിന് പരിഹാരമില്ല. നാടൊട്ടുക്കും മഴക്കാലപൂർവ ശുചീകരണം നടക്കുന്നതിനിടയിലാണ് ആനാട്ട് കുടിവെള്ള പൈപ്പിൽ സാമൂഹികവിരുദ്ധർ മാലിന്യം തള്ളുന്നത്.

കുന്നത്തുമല തോട്ടിലും സമീപ പ്രദേശങ്ങളിലും ഏതാനുംവർഷം മുൻപ് രാത്രിയിൽ ടാങ്കർ ലോറിയിൽ കക്കൂസ്‌മാലിന്യമടക്കം കൊണ്ടുവന്നുതള്ളാൻ തുടങ്ങിയത് നാട്ടുകാർ കണ്ടെത്തി തടയുകയും വലിയമല പോലീസെത്തി വാഹനത്തിൽ ഉണ്ടായിരുന്നവരെയും ടാങ്കറിനെയും കസ്റ്റഡിയിലെടുത്തു നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ടാങ്കർ ലോറിയിൽ കുടിവെള്ള വിതരണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. കുന്നത്തുമലയിലും സമീപപ്രദേശങ്ങളിലും പ്ലാസ്റ്റിക് കവറുകളിലും ചാക്കുകെട്ടുകളിലും മാലിന്യങ്ങൾ നിറച്ച് രാത്രിയിൽ പലപ്പോഴും നിക്ഷേപിക്കുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്താൻ ഈ പ്രദേശത്ത് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

മാലിന്യം നീക്കംചെയ്തു

നാട്ടുകാരുടെ സഹയത്തോടെ മാലിന്യം തോട്ടിൽ നിന്നു പൂർണമായും നീക്കംചെയ്ത് സമീപത്തെ പുരയിടത്തിൽ കുഴിച്ചിട്ടു. ഇവിടെ പോലീസ് പട്രോളിങ്‌ ശക്തമാക്കണം.

-ഷീല, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്.