നെടുമങ്ങാട്: ലൈഫ് പദ്ധതിയിൽ വീടു കിട്ടിയവരുടെ കുടുംബസംഗമം ശനിയാഴ്ച തലസ്ഥാനത്ത്‌ നടക്കുമ്പോൾ നെടുമങ്ങാട് നഗരസഭയ്ക്ക് നേട്ടത്തിന്റെ കിരീടമണിയാം. കാരണം സംസ്ഥാനത്ത് നഗരസഭാതലത്തിൽ ഏറ്റവുമധികം വീടുകൾ നിർമിച്ചത് നെടുമങ്ങാട് നഗരസഭയാണ്.

1313-വീടുകൾ പൂർത്തിയാക്കിക്കൊണ്ടാണ് നഗരസഭ നേട്ടത്തിന്റെ പട്ടിക മറികടന്നത്. 2006 ഗുണഭോക്താക്കളുള്ള നഗരസഭയിൽ 1313-വീടുകൾ വാസയോഗ്യമായിക്കഴിഞ്ഞു. സംസ്ഥാനത്തെ 86-മുനിസിപ്പാലിറ്റികളെ മറികടന്നു കൊണ്ടാണ് നെടുമങ്ങാട് നേട്ടം കൊയ്തത്‌. മറ്റ് മുനിസിപ്പാലിറ്റികൾൾ 1000-വീടുകൾക്ക് താഴെ മാത്രമാണ് പൂർത്തീകരിക്കാനായത്.

പദ്ധതികളുടെ നടത്തിപ്പിലെ പ്രത്യേകതയും കൗൺസിലർമാരുടെ ഏകോപനവുമാണ് നഗരസഭയെ വിജയപഥത്തിലെത്തിച്ചത്. കൗൺസിലുകളിൽ പ്രത്യക്ഷത്തിൽ നിരവധി വിമർശനങ്ങൾ ഉയർന്നതിനാൽ ഏറെ ശ്രദ്ധാപൂർവവും അതിവേഗവുമാണ് വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്.

വീടുകൾ നിർമിക്കാൻ വനിതകളുടെ രണ്ട് കെട്ടിടനിർമാണ സംഘടിത ഗ്രൂപ്പുകളുണ്ടാക്കിയാണ് നഗരസഭ നേട്ടം കൈവരിക്കുന്നത്. കരിങ്കല്ലു പൊട്ടിക്കാനും ചാന്തുപൂശാനും മാത്രമല്ല തട്ടിനു മുകളിൽക്കയറി കോൺക്രീറ്റിടാനും ഇവർ സജ്ജരായി. കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിന്റ സഹായത്തോടെയാണ് തിരഞ്ഞെടുത്ത 30വനിതകൾക്ക് കെട്ടിട നിർമാണത്തിൽ പരിശീലനം നൽകിയത്.

ആദ്യം തെല്ല് ആശങ്കകളോടെ കെട്ടിടം പണിക്കിറങ്ങിയ സംഘം 53ദിവസം കൊണ്ട് കെട്ടിടം പണി പൂർത്തിയാക്കിയത്. പൂവത്തൂർ വാർഡിലെ ബേബിക്കാണ് ആദ്യവീട് പണിതു നൽകിയത്. രണ്ടു യൂണിറ്റിനും കെട്ടിട നിർമാണത്തിനാവശ്യമായ നിർമാണ ഉപകരണങ്ങൾ നഗരസഭതന്നെ വാങ്ങി നൽകി. ഒരുമാസം മുമ്പ് തെങ്കാശിപ്പാതയിൽ റോഡപകടത്തിൽ മരിച്ച നെട്ട സ്വദേശിനി ശരണ്യയുടെ വീടിന്റെ നിർമാണവും ഇതേ യൂണിറ്റാണ് ഏറ്റെടുത്തിരിക്കുന്നത്. ഉളിയൂർവാർഡിലെ അവശതയനുഭവിക്കുന്ന 84-കാരിയുടെ വീടിന്റ പണിയും കർമസേനയുടെ നേതൃത്വത്തിലാണ് പണി പുരോഗമിക്കുന്നത്.

നഗരസഭ ലൈഫ് പദ്ധതി പൂർണ ലക്ഷ്യത്തിലെത്തിക്കും

ഹഡ്‌കോയിൽനിന്ന്‌ 30-കോടി വായ്പകൂടി എടുത്താണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്. ഈ ഭരണകാലാവധി കഴിയുന്നതോടെ നഗരസഭാ പരിധിയിൽ തലചായ്ക്കാനിടമില്ലാത്തതായി ആരുമുണ്ടാകരുതന്നാണ് ലക്ഷ്യം. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇതിനായി പ്രയത്നിച്ച കൗൺസിലർമാരും, രാപ്പകലന്യേ പ്രയത്നിച്ച ജീവനക്കാരുമാണ് നേട്ടത്തിന് അടിസ്ഥാനം. സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയതിൽ ഏറെ സന്തോഷമുണ്ട്.

-ചെറ്റച്ചൽ സഹദേവൻ നഗരസഭാ ചെയർമാൻ, നെടുമങ്ങാട്.