നെടുമങ്ങാട്: പൗരത്വനിയമ ഭേദഗതിക്കെതിരേ വൻജനപങ്കാളിത്തത്തോടെ നെടുമങ്ങാട് താലൂക്ക് ഭരണഘടനാ സംരക്ഷണ സമിതിയുടെ പ്രതിഷേധ റാലി. ആയിരങ്ങൾ അണിനിരന്ന റാലി വൈകുന്നേരം നാലു മണിയോടെ വാളിക്കോട് ജങ്ഷനിൽ നിന്നാരംഭിച്ച് സമ്മേളന വേദിയായ മാർക്കറ്റ് ജങ്ഷനിലെത്തി. താലൂക്കിലെ 83-ജമാ അത്തുകളിൽ നിന്നുള്ള അംഗങ്ങൾ റാലിയിൽ പങ്കെടുത്തു. കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി സമ്മേളനം ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ ആബിദ് മൗലവി അൽഹാദി അധ്യക്ഷനായി. ഇന്ത്യയുടെ ആത്മാവിനേറ്റ കനത്ത മുറിവാണ് പൗരത്വഭേദഗതി നിയമമെന്ന്‌, ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസാരിച്ച സി.ദിവാകരൻ എം.എൽ.എ. പറഞ്ഞു. കെ.എസ്.ശബരീനാഥൻ എം.എൽ.എ., കെ.അംബുജാക്ഷൻ, നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, അർഷദ് മുഹമ്മദ് നദ്വി, പനയമുട്ടം അൻസർ, പനവൂർ സഫീർഖാൻ മന്നാനി എന്നിവർ സംസാരിച്ചു.