നെടുമങ്ങാട്: നെടുമങ്ങാട്ടെ അഗ്നിരക്ഷാനിലയത്തിൽ ആംബുലൻസ് ഇല്ലാത്തത് രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നതായി ആക്ഷേപം. വേനൽക്കാലമായതിനാൽ മലയോരമേഖലയിൽ ദിവസവും തീപിടിത്തം പതിവാകുന്നുണ്ട്. എന്നാൽ, അപകടത്തിൽ പൊള്ളലേൽക്കുന്ന നാട്ടുകാരെയോ, ജീവനക്കാരെയോ തക്കസമയത്ത് ആസ്പത്രിയിലെത്തിക്കാൻ ഇവിടെ ആംബുലൻസ് സംവിധാനമില്ല.

ജില്ലയിലേക്കായി 70-ലധികം ആംബുലൻസ് എത്തിച്ചിട്ടുള്ളതായി സൂചനകളുണ്ടെങ്കിലും അതിലൊന്നുപോലും മലയോരത്തേക്ക് എത്തിക്കുന്നില്ല. തൊളിക്കോട്ടും കാലൻകാവിലും തീപിടിത്തമുണ്ടായപ്പോൾ അഗ്നിരക്ഷാസേനയ്ക്കു തീകെടുത്താൻ മാത്രമേ സാധിച്ചുള്ളൂ. പൊള്ളലേറ്റവരെ രക്ഷിക്കാൻ പിന്നീട് സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ടി വന്നു.

നെടുമങ്ങാട്ടെ അഗ്നിരക്ഷാനിലയം പ്രവർത്തിക്കുന്നത് കുന്നിൻപുറത്താണ്. ഇവിടെനിന്നു പ്രധാനപാതയിലെത്താൻ അരമണിക്കൂറെടുക്കും. ഇടുങ്ങിയതും തകർന്നതുമായ റോഡിലൂടെയാണ് അഗ്നിരക്ഷാനിലയം പ്രവർത്തിക്കുന്ന കുന്നിൻമുകളിലെത്താൻ. ടൗണിനോട് ചേർന്നുള്ള ഏതെങ്കിലുമൊരു ഭാഗത്തേക്ക് സ്ഥാപനം മാറ്റണമെന്ന ആവശ്യത്തിന് പരിഹാരമില്ല. വർഷങ്ങളായി തുടരുന്ന ഈ ദുരിതത്തിന് പരിഹാരം കാണണമെന്നും സ്ഥാപനത്തിന് ശീതീകരണ സംവിധാനമുള്ള ആംബുലൻസ് വേണമെന്ന ആവശ്യത്തിനും അധികൃതർ മുഖംതിരിഞ്ഞ് നിൽപ്പാണ്.

Content Highlights: Nedumangaadu Fire Force, Ambulance Service