നെടുമങ്ങാട്: നെടുമങ്ങാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ അമ്മമാരുടെ സൗകര്യാർഥം നിർമിച്ചിരുന്ന മുലയൂട്ടൽകേന്ദ്രം വീണ്ടും തുറന്നു. രാഷ്ട്രീയ പാർട്ടികളുടെ സംഘടനകൾ കൊടിതോരണങ്ങൾകൊണ്ടു മറച്ച കേന്ദ്രത്തെപ്പറ്റി ശനിയാഴ്ച മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന്‌ ശനിയാഴ്ച രാത്രിയോടെയാണ് ഇവിടം വൃത്തിയാക്കി കൊടികൾ എടുത്തു മാറ്റിയത്.

പോലീസ് എയ്ഡ് പോസ്റ്റിനോടു ചേർന്നാണ് മുലയൂട്ടൽകേന്ദ്രം നിർമിച്ചിരുന്നത്. ഇതിനകത്തേക്കു കയറാനുള്ള വാതിൽവരെ കൊടികെട്ടിമറച്ചായിരുന്നു കൊടികൾ സ്ഥാപിച്ചിരുന്നത്. കൈക്കുഞ്ഞുമായി വന്ന അമ്മ കുഞ്ഞിനു പാലൂട്ടാനായി മുലയൂട്ടൽകേന്ദ്രം തുറന്നുകിട്ടാൻ വനിതാപോലീസിന്റെ സഹായം തേടിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഡിപ്പോ നിർമിച്ച് രണ്ടുവർഷത്തിനുശേഷമാണ് പൊതുതാത്‌പര്യപ്രകാരം ഡിപ്പോയ്ക്കുള്ളിൽ മുലയൂട്ടൽകേന്ദ്രത്തിനു സൗകര്യമൊരുക്കിയത്. അതാണ് രാഷ്ട്രീയ പാർട്ടികൾ അടച്ചുപൂട്ടിയത്. നിരവധി സ്ത്രീകൾ പരാതിയുമായി മേലുദ്ദ്യോഗസ്ഥരെ സമീപിച്ചിട്ടും മുലയൂട്ടൽകേന്ദ്രം തുറന്നുകൊടുക്കാൻ നടപടിയുണ്ടായിട്ടില്ലായിരുന്നു.