നെടുമങ്ങാട് : നെടുമങ്ങാട് താലൂക്കിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് പാളയത്തിൻമുകൾ കോളനി. പുനരധിവസിപ്പിച്ച 70 പട്ടികജാതി കുടുംബങ്ങളാണ് ഇവിടത്തെ താമസക്കാർ. അഞ്ചുപതിറ്റാണ്ടായി പാളയത്തിൻമുകളുകാർക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. ഇക്കാലത്തിനിടെ പദ്ധതികൾ പലതുവന്നു, ലക്ഷങ്ങൾ പൊടിപൊടിച്ചു. എന്നിട്ടും ഈ പാവങ്ങളുടെ വീടുകളിലേക്ക്‌ കുടിവെള്ളമെത്തിയില്ല. പാറയിടുക്കുകളും മൊട്ടക്കുന്നുകളുമാണ് ഇവിടെ കിണർ കുഴിക്കാൻ സാധിക്കാത്തതിനു കാരണം. തെളിനീരിനുവേണ്ടി 30തൊടിവരെ താഴ്ത്തി കിണർ കുഴിച്ചവരുണ്ട്. എന്നിട്ടും ഒരുതുള്ളി വെള്ളംപോലും കിട്ടിയിട്ടില്ല.

ടാങ്കർലോറികളിലാണ് ദിവസവും ഇവിടെ വെള്ളമെത്തിക്കുന്നത്. അത് പലപ്പോഴും അടുക്കള ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും കഴിയില്ല. എങ്കിലും ഇവർക്ക് അത് ഒരാശ്വാസമാണ്. പ്രദേശവാസിയായ സരസ്വതി എന്ന വീട്ടമ്മ സൗജന്യമായി നൽകിയ രണ്ടുസെന്റിൽ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് വലിയ കുളം നിർമിച്ച് കുടിവെള്ളവിതരണത്തിന് ഒരു ശ്രമം നടത്തിയിരുന്നു. വേനൽക്കാലം വന്നപ്പോൾ കുളം വറ്റി. ഇതോടെ പാളയത്തിൻമുകളുകാർക്ക് കുടിവെള്ളം മുട്ടി. 2015-ൽ പുതിയ കുടിവെള്ള പദ്ധതിക്ക് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തറക്കല്ലിട്ടു.

ആഘോഷങ്ങൾക്കൊടുവിൽ പാളയത്തിൻമുകളിലെ ഏറ്റവും ഉയർന്ന പ്രദേശത്ത് വാട്ടർടാങ്കും വീടുകളിൽ ഗാർഹിക കണക്‌ഷനും നൽകി. 15ലക്ഷം ചെലവിട്ട് പണി പൂർത്തിയാക്കിയ ഈ പദ്ധതിയിൽ അഞ്ചുവർഷം കഴിഞ്ഞിട്ടും കുടിവെള്ളമെത്തിയില്ല.

വേനൽക്കാലം വരുന്നതോടെ ആറുകളും തോടുകളും വറ്റിവരണ്ടുകഴിഞ്ഞാൽ പാളയത്തിൻമുകളുകാരുടെ കുടിവെള്ളവും മുടങ്ങും.

ചെളിനിറഞ്ഞ വെള്ളത്തിലാണ് പിന്നീടുള്ള ഇവരുടെ പ്രാഥമിക കർമങ്ങൾപോലും.

ഗ്രാങ്കോട്ടുകോണം അങ്കണവാടിക്ക് സമീപം നാലുസെന്റ് സ്ഥലം രണ്ടുലക്ഷത്തിന് വിലയ്ക്കു വാങ്ങി.

ഇവിടെനിന്നും പാളയത്തിൻമുകളിലേക്ക് ഇരുമ്പ് പൈപ്പ്‌ലൈനുകളുമിട്ടു. എന്നാൽ, ഈ പൈപ്പുകളിൽക്കൂടി കുടിവെള്ളമെത്തിയില്ല. പമ്പുകൾ കേടായി. പിന്നീട് മൂന്നുലക്ഷം ചെലവിട്ട് പൈപ്പുകൾ സ്ഥാപിച്ചു. വാങ്ങിവച്ച പമ്പുകളിലൊന്നുമാത്രമാണ് ഇപ്പോൾ പ്രവർത്തനക്ഷമമായിട്ടുള്ളത്. ഗരസഭയിലെ പാളയത്തിൻമുകൾ കോളനിയിൽ കുടിവെള്ളമെത്തിക്കാൻ അധികൃതർ മുന്നോട്ടു വരണം. രാവിലെ ടാങ്കർലോറിയിൽ കൊണ്ടുവരുന്ന വെള്ളം ഉച്ചയോടെ തീരും. പിന്നീടുള്ള ആവശ്യങ്ങൾക്ക് വെള്ളം കിട്ടാനില്ല. നല്ല തെളിനീരെത്തിച്ചാൽ അടുക്കള ആവശ്യങ്ങൾക്കു കൂടി ഉപയോഗിക്കാനായേനെ.

മണിക്കുട്ടൻ, സരസ്വതി, സജിൻ.

(പ്രദേശവാസികൾ)

പദ്ധതികൾ പലത്, ചെലവ് 25 ലക്ഷം

കിണർ നിർമാണം, പമ്പ് ഹൗസ് കെട്ടൽ, വീടുകളിലേക്കുള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കൽ തുടങ്ങിയ ജോലികൾക്കായി കഴിഞ്ഞ സാമ്പത്തികവർഷം 14 ലക്ഷം അനുവദിച്ചു. വീടുകളിലേക്കുള്ള പൈപ്പുലൈൻ സ്ഥാപിക്കാനും പമ്പുഹൗസ് വൈദ്യുതീകരണത്തിനുമായി ഈ സാമ്പത്തിക വർഷത്തിൽ ഏഴുലക്ഷം വീണ്ടും ചെലവിട്ടു. പമ്പ്ഹൗസ്, കിണർ എന്നിവയുടെ സ്ഥലം വാങ്ങലിനായി നാലുലക്ഷവും നഗരസഭ അനുവദിച്ചു. ചുരുക്കത്തിൽ 25ലക്ഷം ചെലവിട്ടിട്ടും പാളയത്തിൻമുകളുകാർക്ക് കുടിവെള്ളം കിട്ടിയില്ല.