നെടുമങ്ങാട് : ചൊവ്വാഴ്ച രാത്രിയാരംഭിച്ച കനത്ത മഴയിൽ നെടുമങ്ങാട് താലൂക്കിലെ മലയോര പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മരങ്ങൾ വീണ് ചിലയിടങ്ങളിൽ വൈദ്യുതിയും തടസ്സപ്പെട്ടു. ആറുകളോട് ചേരുന്ന തോടുകളിൽ ജലനിരപ്പുയർന്നതോടെ പുരയിടങ്ങളിലും വെള്ളം കയറി. ചൊവ്വാഴ്ച രാത്രി രണ്ടോടെ ആരംഭിച്ച മഴയ്ക്ക് ബുധനാഴ്ച രാവിലെ 11-യാടെയാണ് ശമനമുണ്ടായത്. മഴ കനത്തതോടെ കരമനയാർ നിറഞ്ഞു. ഇതേത്തുടർന്ന് അരുവിക്കര ഡാമിന്റെ മൂന്ന്‌ ഷട്ടറുകൾ തുറന്നു. രണ്ട് ഷട്ടറുകൾ 50 സെ.മീ വീതവും ഒരുഷട്ടർ 70 സെന്റീമീറ്ററും ആണ് തുറന്നത്. മഴ തുടരുകയാണെങ്കിൽ ഷട്ടർ ഇനിയും ഉയർത്താനിടയുണ്ടെന്നും കരമനയാറിന്റൈ തീരത്തുള്ളവർ ജാഗ്രതകാട്ടണമെന്നും ജില്ലാകളക്ടർ അറിയിച്ചു.

ആറ്റിങ്ങൽ, നെയ്യാറ്റിൻകര താലൂക്കുകളിൽ മഴ ശക്തമായിരുന്നെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ല. മഴ തോരാതെ നിന്ന സ്ഥലങ്ങളിൽ വെള്ളം കയറിയ റോഡുകളിൽ പുലർച്ചെ ഗതാഗതം നിർത്തിവയ്ക്കേണ്ടിവന്നു. വാമനപുരം ആറ് കരകവിഞ്ഞൊഴുകിയതോടെ ചെറ്റച്ചൽ, പൊന്നാം ചുണ്ട് എന്നിവിടങ്ങളിലെ പാലങ്ങൾ വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതം ഏറെ സമയം നിർത്തിവെച്ചു. ഇടറോഡുകളിലെ ചെറിയ പാലങ്ങളും വെള്ളത്തിനടിയിലായി. കല്ലറ പഞ്ചായത്തിലെ അരുവിപ്പുറം പ്രദേശത്തെ താഴ്ന്ന മേഖലകളിൽ വെള്ളംകയറി കാർഷികവിളകൾ നശിച്ചു. പുല്ലമ്പാറ, മൂന്നുതോട് മേഖലയിൽ ഏക്കർ കണക്കിന് കാർഷിക മേഖലകൾ വെള്ളത്തിനടിയിലായി.

ഓണക്കാല വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ വെള്ളരി, വെണ്ട, പയർ, പടവലം തുടങ്ങിയ കൃഷികളാണ് വെള്ളത്തിലായത്. ചൊവ്വാഴ്ച ഇവിടത്തെ പാരമ്പര്യ കർഷകർ പരീക്ഷണാടിസ്ഥാനത്തിൽ മൂന്നേക്കർ ഭൂമിയിൽ കൃഷി നടത്തിയിരുന്നു. ഇതെല്ലാം ഏഴു മണിക്കൂർ തുടർച്ചയായി പെയ്ത മഴയിൽ വെള്ളത്തിനടിയലായി. വാമനപുരം ബ്ലോക്കിൽ ഏറ്റവും കൂടുതൽ പച്ചക്കറി ഉത്‌പാദിപ്പിക്കുന്ന സ്ഥലമാണ് പല്ലമ്പാറ. കാർഷിക മേഖലയുടെ ഇരുവശത്തുമുള്ള രണ്ട് തോടുകൾ നിറഞ്ഞു കവിഞ്ഞതാണ് ഇവിടെ വെള്ളം കയറാൻ കാരണമായത്. വെള്ളംവാർന്നു പോകാനുള്ള പരിശ്രമം നടത്തിയെങ്കിലും വലിയമഴ തിരിച്ചടിയായി. ഓണക്കാല ആവശ്യങ്ങൾക്കുവേണ്ടി കൃഷിയിറക്കിയ കർഷകർക്ക് വെള്ളപ്പൊക്കം കനത്ത തിരിച്ചടിയായി.