നെടുമങ്ങാട്: ഏക്കർ കണക്കിന് കൃഷിയിടത്തിൽ മധുരക്കിഴങ്ങ് വിളയിച്ച് നെടുമങ്ങാട് നഗരസഭയിലെ ചെല്ലാംകോട് ഏല നാട്ടിൽ മധുരക്കിഴങ്ങിന്റെ മാധുര്യം വിളമ്പുന്നു. ചെല്ലാംകോട്ട് വർഷങ്ങൾക്കുശേഷം നെൽക്കൃഷി തിരികെ കൊണ്ടുവന്ന തിമത്തിയോസ് എന്ന കർഷകനാണ് മണ്ണിൽ മധുരത്തിന്റെ പൊന്നുവിളയിച്ച് ശ്രദ്ധേയനായത്.

കാർഷികരംഗത്തുനിന്നു പുത്തൻകർഷകർ പുറകോട്ടുപോകുമ്പോഴാണ് തിമത്തിയോസ് മധുരക്കിഴങ്ങ് കൃഷിയിലൂടെ ലാഭം കൊയ്തത്.

പതിറ്റാണ്ടുകൾക്കുമുൻപ് നെൽക്കൃഷിക്ക്‌ പേരുകേട്ട ഏല ആയിരുന്നു ചെല്ലാംകോട്. കൊയ്ത്തിനും, മെതിക്കും ആളെക്കിട്ടാനില്ല, കാട്ടുപന്നിയുടെ ശല്യം രൂക്ഷം എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കർഷകർ കൃഷി ഉപേക്ഷിച്ചത്. എന്നാൽ, മണ്ണിന്റെ മണവും നാളെയുടെ നന്മയും മുൻനിർത്തി തിമത്തിയോസ് പാടം കോരി കരയാക്കിയില്ല. പരീക്ഷണാർഥം ഓരോ വർഷവും നെൽക്കൃഷി കൈവിടാതെ ഇതരകൃഷികൾകൂടി ചെയ്തുകൊണ്ടിരുന്നു. ഇത്തവണയാണ് ആദ്യമായി മധുരക്കിഴങ്ങ് കൃഷിനടത്തിയത്. പ്രതീക്ഷിച്ചതിലും ഏറെ വിളയും വരുമാനവും കിട്ടിയെന്ന് തിമത്തിയോസ് പറയുന്നു. നഗരസഭയുടെ മേൽനോട്ടത്തിൽ നടന്ന കൃഷിയുടെ വിളവെടുപ്പ് ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.

പത്ത് സെന്റ് വീതം വരുന്ന പത്ത് പണകളിലാണ് മധുരക്കിഴങ്ങ് കൃഷിചെയ്തത്. ചെല്ലാംകോട് ഏലാ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ.എസ്.ഹരി, സെക്രട്ടറി എ.ജയകുമാർ, ബ്ലോക്ക് കൺവീനർ സിന്ധുക്കുട്ടൻ, പി.അജയകുമാർ, വി.ഉദയകുമാർ തുടങ്ങിയവർ വിളവെടുപ്പ് ഉത്സവത്തിൽ പങ്കാളികളായി.