നെടുമങ്ങാട്: പ്രതിദിനം നൂറുകണക്കിന് ബസുകൾ വന്നുപോകുന്ന നെടുമങ്ങാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസ്ബേയിൽ കുഴികൾ രൂപപ്പെട്ടു. വലിയ കുഴികളിൽ ചാടാതെ ഒരു ബസിനും ഡിപ്പോയുടെ പുറത്തേയ്ക്കു പോകാനാകാത്ത സ്ഥിതിയിലായി.
ബസുകൾ വലിയ കുഴികളിൽ വീണുതുടങ്ങിയത് മെക്കാനിക്കൽ ജീവനക്കാർക്കു ജോലി അധികഭാരമായിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്താണ് ചെറിയ കുഴികൾ വലിയ കുഴികളായി മാറിയത്. തറയോടുകൾപാകിയിരുന്ന ഡിപ്പോയുടെ ബസ്ബേയിലാണ് കുഴികൾ രൂപപ്പെട്ടത്.
തിരുവനന്തപുരത്തേക്കുള്ള ബസുകൾ വരുന്ന ഭാഗത്താണ് കുഴികൾ ദിവസംതോറും വീണ്ടും വലുതാകുന്നത്. ഡിപ്പോ ഉദ്ഘാടനംചെയ്ത് വർഷങ്ങൾക്കുശേഷവും ഇതുവരെ നവീകരണപ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. എങ്കിലും പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് െറക്കോഡ് കളക്ഷനാണ് ഡിപ്പോ ജീവനക്കാർ കൈവരിക്കുന്നത്.
ഡിപ്പോയിൽ കള്ളന്മാരുടെ ശല്യവും
പാർക്കിങ് യാർഡിൽനിന്നു വാഹനങ്ങൾ മോഷണംപോകുന്നതും ജീവനക്കാരുടെ ബാഗുകളും വിലപിടിപ്പുള്ള സാധനങ്ങളും കള്ളന്മാർ കവരുന്നതും ഡിപ്പോയിൽ പതിവായി. കഴിഞ്ഞ ആറുമാസത്തിനിടെ അമ്പതിലധികം മോഷണങ്ങളാണ് നെടുമങ്ങാട് ഡിപ്പോയ്ക്കുള്ളിൽ നടന്നത്.