നെടുമങ്ങാട്: അഞ്ച് പതിറ്റാണ്ടായി കാടുകയറിനശിക്കുന്ന നെടുമങ്ങാട് നഗരസഭാ പരിധിയിലെ പത്താംകല്ലിനു സമീപത്തെ ജലസേചനവകുപ്പിന്റെ സ്ഥലത്ത് കെ.ടി.ഡി.സി.യുടെ വിശ്രമസങ്കേതം- ആരാമം യൂണിറ്റ് വരുന്നു. മന്ത്രി തലത്തിൽ നടന്ന ചർച്ചയിലാണ് നാട്ടുകാർ കൈയേറിയ സ്ഥലത്ത് സർക്കാർ കെട്ടിടം നിർമിക്കുന്നത്.

1957ൽ കല്ലാറിൽ ആരംഭിക്കാൻ ഉദ്ദേശിച്ച വാമനപുരം ഇറിഗേഷൻ പദ്ധതി നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു. ഇതേ പദ്ധതിക്കായി നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ അഴിക്കോടിനു സമീപം പത്താംകല്ലിൽ 17 ഏക്കർ സ്ഥലത്ത് ഉദ്യോഗസ്ഥർക്കായി കെട്ടിടങ്ങളും ക്വാർട്ടേഴ്‌സുകളും നിർമിച്ചു.

ഇവിടെ വി.ഐ.പി. എന്നു വിശേഷിപ്പിച്ച വാമനപുരം ഇറിഗേഷൻ പ്രോജക്ട് നടപ്പാക്കാനായില്ല. കാടുകയറിനശിക്കുന്ന പദ്ധതിപ്രദേശം ടൂറിസം വകുപ്പിന്റെ കീഴിൽ മോട്ടൽ ആരാമം യൂണിറ്റ് തുടങ്ങാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസം സി.ദിവാകരൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജലസേചനവകുപ്പ്‌ മന്ത്രി കെ.കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തിയിരുന്നു. തുടർന്നാണ് ഇവിടെ ദീർഘദൂരയാത്രികർക്കായി ആരാമം തുടങ്ങാനുള്ള തീരുമാനം കൈക്കൊണ്ടത്.

ടൂറിസം വികസനം ലക്ഷ്യമിട്ടാണ് ആരാമം വരുന്നത്. പൊന്മുടി, പേപ്പാറ, അഗസ്‌ത്യകൂടം, വെള്ളാണിക്കൽപാറ, പാലോട്ടെ ദേശീയ സസ്യോദ്യാനം എന്നിവ സന്ദർശിച്ചു മടങ്ങുന്ന വിദേശികളും സ്വദേശികളുമായ നൂറുകണക്കിനു സഞ്ചാരികൾക്ക് ഇടത്താവളമൊരുക്കുകയാണ് ആരാമത്തിന്റെ ലക്ഷ്യം.

17 ഏക്കർ സ്ഥലത്തുനിന്ന്‌ രണ്ട് ഏക്കർ വിട്ടുനൽകണമെന്നാവശ്യപ്പെട്ടാണ് സർക്കാരിനെ സമീപിച്ചത്. റോഡിനോടു ചേർന്നുള്ള 1.5 ഏക്കർ സ്ഥലം മാത്രമാണ് വിട്ടുകിട്ടിയത്. പദ്ധതി പൂർത്തിയാകുന്നതോടെ ഇവിടെ കെ.ടി.ഡി.സി.യുടെ വികസനപ്രവർത്തനങ്ങൾക്കു തുടക്കമാകുമെന്നും ഇത് താലൂക്ക് ആസ്ഥാനത്തിനു വലിയ മുന്നേറ്റമാകുമെന്നും സി.ദിവാകരൻ എം.എൽ.എ. പറഞ്ഞു.