നന്ദിയോട്: പതിനഞ്ചുലക്ഷം രൂപ ചെലവിട്ടു നവീകരിച്ച നന്ദിയോട് ചന്തയും പരിസരവും മാലിന്യക്കൂമ്പാരമായി മാറി. ചന്തയ്ക്കകത്തു കയറണമെങ്കിൽ മൂക്കുപൊത്തേണ്ട ഗതികേടിലാണ് ജനം.

പ്രവേശനകവാടം മുതൽ തുടങ്ങുന്ന മാലിന്യക്കൂമ്പാരത്തിനു പരിഹാരം കാണാൻ പഞ്ചായത്തിനു സാധിക്കുന്നില്ല. ചന്ത ശുചീകരിക്കാനായി കരാർ തൊഴിലാളികളെ ഏൽപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇവർക്കു കൃത്യമായി പ്രതിഫലം ലഭിക്കാത്തതിനാൽ തൊഴിലാളികളുടെ സേവനം ലഭ്യമല്ല. ചന്തയ്ക്കുള്ളിലെ മാലിന്യം ജെ.സി.ബി. ഉപയോഗിച്ച് കോരിമാറ്റാൻ കഴിഞ്ഞ മാസം ടെൻഡർ നൽകിയിരുന്നു. എന്നാൽ, ടെൻഡർ ഏറ്റെടുത്തയാൾ പണി പൂർത്തീകരിക്കാതെ പാതിയിൽ ഉപേക്ഷിച്ചു മടങ്ങി.

പച്ചക്കറി, മൺപാത്രങ്ങൾ, മത്സ്യം എന്നിവ വിൽക്കുന്ന സ്ഥലങ്ങളിലാണ് ഏറ്റവുമധികം മാലിന്യം കുന്നുകൂടിയിരിക്കുന്നത്. ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിനും കടക്കാശ് ഇനത്തിലും പഞ്ചായത്ത് പ്രതിവർഷം ലക്ഷങ്ങളാണ് ലേലത്തുകയിനത്തിൽ ചന്തയിൽനിന്നു പിരിക്കുന്നത്. എന്നാൽ, ചന്തയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും മാലിന്യം നീക്കംചെയ്യുന്നതിനും പദ്ധതികളൊന്നും കൊണ്ടുവരുന്നില്ലെന്നു പരക്കെ ആക്ഷേപമുണ്ട്.

ചന്തയുടെ ഇടതുഭാഗത്തായി നേരത്തെയുണ്ടായിരുന്ന പൊതുശൗചാലയവും പ്രവർത്തനരഹിതമാണ്. ഇവിടേക്കു പോകേണ്ട വഴിയിൽ മാലിന്യംതള്ളിയതിനാൽ ഇതുവഴി നടക്കാനാകില്ല. ചന്തയിലെ മാലിന്യമത്രയും ഒഴുകിയെത്തുന്നത് ആലമ്പാറ തോട്ടിലേക്കാണ്. ദിവസവും നൂറുകണക്കിന് ആളുകൾ കുളിക്കാനും ഇതര ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന തോടാണ് ചന്തയിലെ മാലിന്യംകൊണ്ടു മലീമസമാകുന്നത്.

നേരത്തെ ചന്തയിലെ മാലിന്യങ്ങളെല്ലാം കോരിയെടുത്ത് കൃഷി ഓഫീസിനു സമീപത്തു തള്ളിയത് ഏറെ വിവാദങ്ങൾക്കിടനൽകിയിരുന്നു. മത്സ്യ, മാംസ അവശിഷ്ടങ്ങൾ കാക്കകളും പട്ടികളും കൊത്തിവലിച്ച് സമീപത്തെ വീടുകളിലെ കിണറുകളിൽ കൊണ്ടിടുന്നത് നാട്ടുകാർക്കും ബുദ്ധിമുട്ടായി മാറിയിരിക്കയാണ്. ചന്തയിലെ മാലിന്യങ്ങളെല്ലാം സംസ്കരിക്കുന്നതിനായി കഴിഞ്ഞ ഭരണസമിതി ലക്ഷങ്ങൾ ചെലവിട്ടു സ്ഥാപിച്ച മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകൾ കാടുകയറി നശിക്കുകയാണ്.

ഇതിനായി കെട്ടിടങ്ങൾ കെട്ടിയിട്ടതല്ലാതെ ഒരിക്കൽപ്പോലും അവ ഉപയോഗിച്ചിട്ടില്ല. മാലിന്യം പെരുകിയതോടെ ചന്തയിൽ തെരുവുനായ ശല്യവും രൂക്ഷമാണ്. കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് പത്തിലധികം പേർക്കാണ് ഇവിടെ തെരുവുനായ്ക്കളുടെ കടിയേറ്റത്.