ആനാവൂർ : പക്ഷാഘാതത്താൽ കിടപ്പുരോഗിയായ വയോധികനെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കോരണംകോട് ഒലിപ്പുറത്ത് കാവുവിള പുത്തൻവീട് രോഹിണിയിൽ ജ്ഞാനദാസ് (ഗോപി-72) ആണ് മരിച്ചത്.

സംഭവത്തിനുശേഷം കുളത്തിൽ ചാടി ആത്മഹത്യക്കൊരുങ്ങിയ ഭാര്യ സുമതി(66)യെ അബോധാവസ്ഥയിലായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

സുമതിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് എത്തിയാണ് രേഖപ്പെടുത്തിയത്. 10 വർഷമായി കിടപ്പുരോഗിയായി കഴിയുന്ന ഭർത്താവിന്റെ ദുരിതം ഒഴിവാക്കാനും തുടർ ശുശ്രൂഷകൾ നടത്തുന്നതിലുള്ള ബുദ്ധിമുട്ടുമാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് പോലീസിനു ലഭിച്ച മൊഴിയെന്ന് സൂചനയുണ്ട്.

സുമതിയുടെ ആരോഗ്യനില ഗുരുതരമല്ല. ചൊവ്വാഴ്ച ഒമ്പതുമണിയോടെയാണ് ജ്ഞാനദാസിനെ ഒറ്റമുറിയുള്ള ഷെഡ്ഡിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ആശുപത്രിയിൽ കഴിയുന്ന ഇവരെ ഡിസ്ചാർജ് ചെയ്താലെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനാകൂ. കുറെ വർഷങ്ങളായി ഭർത്താവിനെ ശുശ്രൂഷിക്കുന്നുവെന്നും ആത്മഹത്യ ചെയ്താലെ ദുരിതം അവസാനിക്കുകയുള്ളൂവെന്നും സംഭവം നടന്ന ദിവസം രാവിലെ സുമതി മകനോടു പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു.

കൊലപാതകത്തിനുപയോഗിച്ച കത്തി, പണി നടക്കുന്ന വീട്ടിൽനിന്നാണ് സുമതി രാവിലെ എടുത്തതെന്ന് പോലീസ് പറയുന്നു. കുടുംബവീടിന്റെ നവീകരണം നടക്കുന്നതിനാൽ ഒരുവർഷമായി ജ്ഞാനദാസും സുമതിയും മകളുടെ കാഞ്ഞാംപുറത്തുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. ഏഴ് ദിവസം മുമ്പാണ് വീട്ടിൽ തിരികെ എത്തിയത്.

വീടുപണി അവസാന ഘട്ടത്തിലായതിനാൽ സമീപത്തുള്ള പുരിയിടത്തിലെ ഒറ്റമുറിയുള്ള ഷെഡ്ഡിലാണ് താമസിച്ചത്. ദിവസവും സമീപത്തു താമസിക്കുന്ന മകനെത്തി അച്ഛനെ പരിചരിക്കുകയും ഭക്ഷണം നൽകുകയും ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു. മാരായമുട്ടം സി.ഐ. പ്രസാദിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.

തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽനിന്നും ജ്ഞാനദാസിന്റെ മൃതദേഹം ബുധനാഴ്ച മൂന്നരമണിയോടെ വീട്ടിലെത്തിച്ചു. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിച്ചു.