കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിലെ പൊന്നെടുത്തകുഴി വാർഡിലെ പ്രധാന ഗ്രാമീണ പാതയായ മുളയറ-കരുമ്പാണ്ടി-മരത്തകിടി റോഡ് ടാർ ചെയ്യണമെന്ന ആവശ്യത്തിന് പരിഹാരമാകുന്നില്ല. എട്ട് വർഷത്തോളമായി നവീകരണം നടക്കാത്ത റോഡിലൂടെയുള്ള യാത്ര ദുരിതമായി തുടരുകയാണ്. അഞ്ഞൂറിലേറെ കുടുംബങ്ങൾ പാർക്കുന്ന പ്രദേശത്തേക്കുള്ള രണ്ടര കിലോമീറ്ററോളം വരുന്ന റോഡാണിത്. റോഡിന്റെ തുടക്കത്തിൽ കുറച്ച് ദൂരം മാത്രമാണിപ്പോൾ ടാർ കാണാനാകുക.

ബാക്കി ഭാഗത്താകെ മെറ്റലുകൾ മാത്രം. സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ദിവസവും കടന്നുപോകുന്നുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇളകിക്കിടക്കുന്ന മെറ്റലുകൾ തെറിച്ച് ആൾക്കാർക്ക് പരിക്കേൽക്കുന്നത് പതിവാണ്. മഴയായാൽ റോഡ് ചെളിക്കുളമാകും. പിന്നെ വഴിയാത്രപോലും ചെയ്യാനാകില്ല.

റോഡിന്റെ ദയനീയസ്ഥിതി കാരണം ഒരു ഓട്ടോറിക്ഷ സവാരി വിളിച്ചാൽപോലും വരില്ല. മുൻപ്‌ ശാസ്താംപാറ നിന്നും പാറാംകുഴി വഴി മുളയറയിലേക്ക് കെ.എസ്.ആർ.ടി.സി. യുടെ ബസ് സർവീസ് ഉണ്ടായിരുന്നതാണ്. അതും നിർത്തി. പലതവണ വാർഡ് പ്രതിനിധിക്കും, പഞ്ചായത്തിനുമൊക്കെ റോഡ് ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും പരിഗണിക്കുന്നില്ല എന്ന് ആക്ഷേപമുണ്ട്.