: ജലസാക്ഷരത, ജലജനാധിപത്യം എന്നീ വിഷയങ്ങളെ കേരളീയസമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ചത് പ്ലാച്ചിമടയിൽ കോളക്കമ്പനിക്കെതിരായ ജനകീയമുന്നേറ്റമാണ്. ചെറുചലനങ്ങളായിനിന്ന പ്രതിരോധങ്ങളെ ഏകോപിപ്പിക്കാനും ലോകശ്രദ്ധയിലെത്തിക്കാനും എം.പി. വീരേന്ദ്രകുമാറും മാതൃഭൂമിയും പ്രയത്നിച്ചത് ചരിത്രപരമായ ദൗത്യമായിരുന്നു.
2000 മാർച്ചിലാണ് ബഹുരാഷ്ട്രകമ്പനിയായ കൊക്കകോള പ്ലാച്ചിമടയിലെ ബോട്‌ലിങ് പ്ലാന്റിൽ ഉത്പാദനം തുടങ്ങുന്നത്. പ്രദേശത്ത് കുടിവെള്ളം മലിനമായതോടെ സമരം തുടങ്ങി. ജനതാദൾ സംസ്ഥാന അധ്യക്ഷനായിരുന്ന എം.പി. വീരേന്ദ്രകുമാറും സംഘവും പ്ലാച്ചിമട സന്ദർശിച്ചു. ഒരു സമൂഹത്തിന്റെ ആവശ്യം സമൂഹത്തിൽനിന്നുതന്നെ ഉയർന്നുവരണമെന്ന ഗാന്ധിയൻ ആശയം വീരേന്ദ്രകുമാർ ഇവിടെ പ്രാവർത്തികമാക്കുകയായിരുന്നുവെന്ന് സാമ്പത്തികശാസ്ത്രജ്ഞൻ പ്രൊഫ. പി.എ. വാസുദേവൻ പറയുന്നു. സമൂഹത്തിന്റെ താത്പര്യങ്ങളും സമരങ്ങളും സൃഷ്ടിക്കപ്പെടേണ്ടത് ദുരിതങ്ങളിൽനിന്നാണെന്ന് അദ്ദേഹം വിശ്വസിച്ചു. പെരുമാട്ടി ഗ്രാമപ്പഞ്ചായത്ത് ജനങ്ങൾക്കനുകൂലമായ തീരുമാനങ്ങളെടുത്ത് മുന്നോട്ടുവന്നതിനു പിന്നിലെ കരുത്തും പ്രേരണകളും വീരേന്ദ്രകുമാറിന്റെ ചിന്തകളായിരുന്നു.
പരസ്യയിനത്തിൽ ലഭിച്ചിരുന്ന വൻവരുമാനം വേണ്ടെന്നുെവച്ചാണ് സാമൂഹികപ്രതിബദ്ധതയോടെ മാതൃഭൂമി സമരത്തിന്റെ ജിഹ്വയായത്. 2004 ജനവരി 21 മുതൽ 23 വരെ പ്ലാച്ചിമടയിൽ നടന്ന ലോകജലസമ്മേളനത്തിൽ മോദ് ബാർലെ, ഹോസെ ബുവേ തുടങ്ങി അറുപതിലേറെ വിദേശപ്രതിനിധികൾക്കൊപ്പം വന്ദനാ ശിവ, മേധാപട്കർ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.
കുടിവെള്ളമടക്കമുള്ള പ്രാദേശികവിഭവങ്ങളുെട അവകാശം അവിടത്തെ ജനങ്ങൾക്കാണെന്ന് വീരേന്ദ്രകുമാറെന്ന സോഷ്യലിസ്റ്റ് പറഞ്ഞത് സമൂഹം ഏറ്റെടുത്തു. സമരം വിജയിച്ചു. പ്ലാച്ചിമടസമരത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് ഏറ്റവും സഹായിച്ചത് 2004 ജനുവരി 21 മുതൽ 23 വരെ പ്ലാച്ചിമടയിൽ നടന്ന ലോകജലസമ്മേളനമായിരുന്നു. അതിന്റെ നടത്തിപ്പിന് സമ്പൂർണ സഹായമൊരുക്കിയത് എം.പി. വീരേന്ദ്രകുമാറും ഇപ്പോഴത്തെ ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടിയുമായിരുന്നെന്ന് പെരുമാട്ടി മുൻപഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണൻ ഓർക്കുന്നു.
Content Highlight: MP Veerendra Kumar leader of Plachimada agitation