തിരുവനന്തപുരം: പ്രസവിച്ച് മൂന്നാം ദിവസം വീട്ടുകാർ എടുത്തുമാറ്റിയ കുഞ്ഞിനെ തേടി ആറു മാസമായി അമ്മ അലയുന്നു. കുഞ്ഞിനെ വീണ്ടെടുക്കാൻ പേരൂർക്കട പോലീസ് മുതൽ ഡി.ജി.പി.ക്കും മുഖ്യമന്ത്രിക്കും സി.പി.എം. ഉന്നത നേതാക്കൾക്കും മുന്നിൽ വരെ അമ്മയെത്തി. 19-ന് കുഞ്ഞിന് ഒരു വയസ്സാകും. ശിശുക്ഷേമസമിതിയിലേൽപ്പിച്ച കുഞ്ഞിനെ ദത്ത് നൽകിയതായാണ് വിവരം.

സി.പി.എം. പേരൂർക്കട ഏരിയാ കമ്മിറ്റി അംഗം പി.എസ്.ജയചന്ദ്രന്റെ മകൾ മുൻ എസ്.എഫ്.ഐ. നേതാവായ അനുപമ എസ്.ചന്ദ്രനാണ് വീട്ടുകാർക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ഡി.വൈ.എഫ്.ഐ. പേരൂർക്കട മേഖലാ പ്രസിഡന്റായിരുന്ന അജിത്തുമായി അനുപമ സ്‌നേഹത്തിലായിരുന്നു. അജിത് നേരത്തെ വിവാഹിതനായിരുന്നു. തുടർന്ന് അനുപമ ഗർഭിണിയാവുകയും കഴിഞ്ഞ ഒക്ടോബർ 19-ന് ഒരു കുഞ്ഞിന് ജൻമം നൽകുകയും ചെയ്തു. അജിത്ത് വിവാഹബന്ധം വേർപെടുത്തുന്നതുവരെ ഒരുമിച്ച് താമസിക്കാൻ നിയമപരമായ തടസ്സമുണ്ടായിരുന്നതായി ഇരുവരും പറയുന്നു.

ഈ സമയത്തായിരുന്നു അനുപമയുടെ പ്രസവം. പ്രസവിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും നിർബന്ധപൂർവം കുഞ്ഞിനെ തന്റെ അടുത്തുനിന്ന്‌ അച്ഛനും വീട്ടുകാരും ബലംപ്രയോഗിച്ച് മാറ്റുകയായിരുന്നുവെന്നാണ് അനുപമയുടെ പരാതി. സഹോദരിയുടെ വിവാഹത്തിനു ശേഷം കുഞ്ഞിനെ തരാം എന്നായിരുന്നു മാതാപിതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ, വിവാഹം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരിച്ചുകൊണ്ടുവന്നില്ല. ഇതോടെ കഴിഞ്ഞ ഏപ്രിലിൽ അജിത്തിനൊപ്പം പോവുകയായിരുന്നു. തുടർന്ന് പരാതിയുമായി അധികൃതർക്കു മുന്നിലെത്തി. ശിശുക്ഷേമ കമ്മിറ്റിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുഞ്ഞിനെ നൽകിയ ഒക്ടോബർ 22-ന് ശിശുക്ഷേമ സമിതിയിൽ ലഭിച്ച ഒരു കുഞ്ഞിന്റെ ഡി.എൻ.എ. പരിശോധന നടത്തിയിരുന്നതായി ഇവർ പറയുന്നു. എന്നാൽ, ഇത് ഇവരുടെ കുട്ടിയായിരുന്നില്ലെന്നു കണ്ടെത്തി. ഇതേ ദിവസം എത്തിയ മറ്റൊരു കുട്ടിയെ ദത്ത് നൽകിക്കഴിഞ്ഞിരുന്നു. അതിനാൽ ആ കുട്ടിയുടെ ഡി.എൻ.എ. പരിശോധന നടന്നില്ല. അനുപമയുടെ സർട്ടിഫിക്കറ്റുകളും തിരിച്ചറിയിൽ രേഖകളും വീട്ടുകാർ നൽകാത്തതിനാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ പോലുമാകുന്നില്ലെന്നാണ് ആരോപണം.

എന്നാൽ, അനുപമയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിയെ ഏൽപ്പിച്ചതെന്ന് അച്ഛൻ പി.എസ്.ജയചന്ദ്രൻ പറഞ്ഞു.

കുഞ്ഞിനെ സംരക്ഷിക്കാനുള്ള വരുമാനമോ കഴിവോ ആ സമയത്ത് അനുപമയ്ക്കുണ്ടായിരുന്നില്ല. നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം അനുപമയിൽനിന്നു വാങ്ങിയാണ് ശിശുക്ഷേമസമിതിയിൽ കുഞ്ഞിനെ നൽകിയത്. പരാതി വന്നപ്പോൾ ഇത് പോലീസിനെ കാണിച്ച് ബോധ്യപ്പെടുത്തിയിരുന്നു. കുഞ്ഞിനെ തിരിച്ചാവശ്യമുണ്ടെങ്കിൽ നിയമപരമായി കോടതിയെ സമീപിക്കുകയാണ് വേണ്ടത്. ഇതും മകളോട് പറഞ്ഞിരുന്നതാണ്. ഇപ്പോൾ വിവാദങ്ങളുണ്ടാക്കുന്നത് പാർട്ടി സമ്മേളനങ്ങളുടെ ഭാഗമായി ചർച്ചകൾ കൊണ്ടുവരാനാണെന്നും ജയചന്ദ്രൻ ആരോപിച്ചു.