ആറ്റിങ്ങൽ : സമൂഹമാധ്യമം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയിൽനിന്ന് 75 പവന്റെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂർ കവലയൂർ കുളമുട്ടം എൻ.എസ്.ലാൻഡിൽ എൻ.ഷിബിൻ (26), അമ്മ ഷാജില (52) എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ സ്വദേശിയായ പതിനഞ്ചുകാരിയുടെ രക്ഷിതാക്കൾ നല്കിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. ഷിബിന്റെ വീട്ടിൽ നിന്ന് 9,80,000 രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഏഴുമാസം മുമ്പാണ് തട്ടിപ്പ് നടന്നത്. സമൂഹമാധ്യമം വഴിയാണ് ഷിബിൻ 15 വയസ്സുള്ള പെൺകുട്ടിയുമായി പരിചയപ്പെട്ടത്. സമൂഹമാധ്യമത്തിൽ തന്റെ സാമ്പത്തികപ്രയാസങ്ങളെക്കുറിച്ച് ഷിബിൻ പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി വിവരങ്ങൾ ചോദിച്ചു. പെൺകുട്ടിയുടെ വീട്ടിൽ സ്വർണം സൂക്ഷിച്ചിരിക്കുന്നതായി മനസ്സിലാക്കിയ ഷിബിൻ സ്വർണം ആവശ്യപ്പെട്ടു.

കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം വീട്ടുകാരറിയാതെ പെൺകുട്ടി എടുത്ത് സ്‌കൂളിലേക്ക്‌ പോകുന്ന വഴിയിൽ ഷിബിന് കൈമാറി. അടുത്തിടെ വീട്ടുകാർ അലമാര തുറന്ന് പരിശോധിച്ചപ്പോൾ സ്വർണം നഷ്ടപ്പെട്ടതായി മനസ്സിലാക്കി. തുടർന്നാണ് തട്ടിപ്പിനിരയായ വിവരം പെൺകുട്ടി വീട്ടുകാരോട് പറഞ്ഞത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെയും അമ്മയെയും അറസ്റ്റ് ചെയ്തത്.

പെൺകുട്ടി 27 പവൻ തനിക്ക് കൈമാറിയതായും ഇത് വിറ്റുകിട്ടിയ പണമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നതെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടി നല്കിയ സ്വർണാഭരണങ്ങൾ വില്ക്കാൻ ഷിബിനെ സഹായിച്ചത് ഷാജിലയാണ്.

ഇതേത്തുടർന്നാണ് ഇവരെയും കേസിൽ പ്രതിചേർത്ത് അറസ്റ്റ്‌ ചെയ്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇരുവരെയും പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും ഇൻസ്‌പെക്ടർ ഡി.മിഥുൻ അറിയിച്ചു.

Content highlights: Mother and son arrested for tricking school girl to steal gold