തിരുവനന്തപുരം: കൊതുകുജന്യരോഗങ്ങൾക്കെതിരേ ശക്തമായ പ്രചാരണം നടക്കുമ്പോഴും നഗരത്തിൽ കൊതുകുശല്യം രൂക്ഷം. കൊതുകുനശീകരണ ബോധവത്കരണവും പ്രചാരണവും മാത്രമായി ചുരുങ്ങി. വീടുകളിലും സ്ഥാപനങ്ങളിലും കൊതുകുനശീകരണ ബോധവത്കരണപ്രവർത്തനങ്ങൾക്കായി സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. മോസ്‌ക്വിറ്റോ വർക്കേഴ്‌സ് എന്ന പേരിലുള്ള സ്‌ക്വാഡിൽ നൂറ്‌ വാർഡുകളിലായി 75 പേരാണുള്ളത്. ആരോഗ്യവകുപ്പും നഗരസഭയും നടത്തേണ്ട കൊതുകുനശീകരണപ്രവർത്തനങ്ങളും നിർജീവമാണ്.

രണ്ടു വർഷം മുമ്പ് ഡെങ്കിപ്പനി പടർന്നുപിടിച്ച സമയത്ത് നഗരസഭയെ ആരോഗ്യവകുപ്പ് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. മഴക്കാലപൂർവ ശുചീകരണവും ഇതുവരെ നഗരസഭ ആരംഭിച്ചിട്ടില്ല. സ്‌പ്രേയിങ്, ഫോഗിങ് തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ ചില പ്രദേശത്തു മാത്രമായി ഒതുങ്ങി.

കൊതുകിന്റെ മുട്ടകൾക്ക്‌ ഒരു വർഷം വരെ നശിക്കാതെയിരിക്കാനുള്ള കഴിവുള്ളതിനാൽ വേനൽമഴ എത്തുന്നതോടെ കൊതുകിന്റെ എണ്ണത്തിലും വർധനവുണ്ടാകും. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൊതുകിന്റെ പ്രജനനകേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി മുൻപ് പഠനം നടത്തിയിരുന്നു. പൂട്ടിയിട്ടിരിക്കുന്ന കെട്ടിടങ്ങളിലും ഫ്ളാറ്റുകളിലും കൊതുക് മുട്ടയിടുന്നതായി പഠനത്തിൽ കണ്ടെത്തിയിരുന്നു.

മലേറിയ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കൊതുകുനശീകരണപ്രവർത്തനങ്ങൾ നടക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

പ്രവർത്തനങ്ങൾ നടക്കുന്നു

ഫോഗിങ്, മരുന്ന് തളിക്കൽ എന്നിവ 25 ഹെൽത്ത് സർക്കിളുകൾ കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. കൊതുകുകൾ കൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. മഴക്കാലപൂർവ ശുചീകരണവും ഉടൻ ആരംഭിക്കും.

ശ്രീകുമാർ,

നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ

Content Highlights: Mosquitoes Increases In Thiruvananthapuram