വിതുര : സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തതയും സന്ദർശകരുടെ അശ്രദ്ധയുംമൂലം ഒരു ജീവൻകൂടി കല്ലാറിൽ പൊലിഞ്ഞു. തിരുവനന്തപുരം ചിറക്കര സ്വദേശി അഭിലാഷ് എന്ന 23-കാരനാണ് കല്ലാർ നെല്ലിക്കുന്ന് ചെക് ഡാമിൽ ഒഴുക്കിൽപ്പെട്ടു മരിച്ചത്. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കല്ലാറിലെ ജലനിരപ്പ് ഉയർന്നിരുന്നു. ശക്തമായ അടിയൊഴുക്കും അപകടകാരണമായി.

കഴിഞ്ഞ മാസം 12ന് പോത്തൻകോട് സ്വദേശി നൗഫൽ വട്ടക്കയത്തിൽ മുങ്ങിമരിച്ചതോടെ അപകടമേഖലകളിലേക്കുള്ള വഴികൾ പോലീസും നാട്ടുകാരും അടച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പുവരെ പൊന്മുടിയിലേക്കുള്ള വാഹനങ്ങളെ വനം വകുപ്പിന്റെ ആനപ്പാറയിലെ ചെക്പോസ്റ്റിൽ തടഞ്ഞു തിരിച്ചയച്ചിരുന്നു. എന്നാൽ ഇപ്പോൾ ഗോൾഡൻവാലി ചെക്പോസ്റ്റു വരെ പോകാം. ഇവിടെ എത്തിയതിനുശേഷമാണ് സന്ദർശകരിൽ പലരും മടങ്ങിപ്പോകുന്നത്. തിരികെയിറങ്ങുന്നവരിൽ പലരും കല്ലാറിലെയും കൈവഴികളിലെയും കടവുകളിൽ ഇറങ്ങി കുളിക്കാറുണ്ട്. സുരക്ഷാ ബോർഡുകളെയും നാട്ടുകാർ നൽകുന്ന മുന്നറിയിപ്പുകളെയും അവഗണിച്ചാണ് പലരും കുളിക്കാനിറങ്ങുന്നത്. ആഴമളക്കാൻ കഴിയാത്ത കയങ്ങൾ നിറഞ്ഞ കല്ലാറിൽ ഒഴുക്കിൽപ്പെട്ടു മരിക്കുന്നതിലേറെയും സന്ദർശകരാണ്. ചെക് ഡാമിലേക്കുള്ള വഴിയും പോലീസ് അടച്ചിരുന്നു.

കഴിഞ്ഞ ദിവസം ചിലർ ഈ വഴി തുറന്നതോടെ വീണ്ടും പോലീസ് ഇടപെട്ട് അടച്ചെങ്കിലും പൊന്മുടിയിലേക്ക് പോകാൻ കഴിയാത്ത സന്ദർശകർ ഇവിടേക്ക് എത്തുന്നതാണ് അപകടത്തിനു കാരണമായത്. കല്ലാറിൽ മുങ്ങിമരണങ്ങൾ പതിവാകുമ്പോഴും മതിയായ സുരക്ഷാസംവിധാനമൊരുക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് പരാതി. മുന്നറിയിപ്പുകൾ ശ്രദ്ധിക്കാതെയെത്തുന്ന സഞ്ചാരികളും അപകടത്തെ ക്ഷണിച്ചുവരുത്തുന്നതിൽ പങ്കുവഹിക്കുന്നു.

സുജിത്തിന്റെ രക്ഷകനായത് രതീഷ്

നെല്ലിക്കുന്ന് ചെക്ഡാമിനു സമീപം താമസിക്കുന്ന രതീഷ് എന്ന യുവാവാണ് ഒഴുക്കിൽപ്പെട്ട സുജിത്തിന്റെ രക്ഷകനായത്. വീടിനടുത്തെ കടവിൽ കുളിക്കുമ്പോഴാണ് ഇയാൾ ഒഴുകിവരുന്നത് രതീഷ് കണ്ടത്. ഉടൻതന്നെ വെള്ളത്തിലിറങ്ങി ഇയാളെ പിടിക്കുകയായിരുന്നു. കുറച്ചു ദൂരം തന്നെ ഒഴുക്കിലൂടെ വലിച്ചുകൊണ്ടുപോയെങ്കിലും അടുത്തുള്ള പാറയിൽ കയറ്റിയിരുത്താൻ കഴിഞ്ഞതിനാലാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞതെന്ന് രതീഷ് പറഞ്ഞു.

അഭിലാഷിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Content Highlights: more lives lost in kallar due to carelessness of tourists