image
ഷീജ

കോവളം : വീട്ടിൽ‌നിന്ന് കാണാതായ യുവതിയെ കടലിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂന്തുറ സെന്റ്‌തോമസ് കോളനിയിൽ ചെറുരശ്മി സെന്ററിനു സമീപം ടി.സി.69/424-ൽ പരേതരായ സ്റ്റീഫൻ-മേരി സിനി ദമ്പതിമാരുടെ മകൾ ഷീജാ സ്റ്റീഫ(22)ന്റെ മൃതദേഹമാണ് ആഴിമലയ്ക്കടുത്തുള്ള കടലിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ 10.45-ഓടെ മൃതദേഹം കണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റൽ വാർഡൻമാരായ തദയൂസ്, ഡയോൺ, സാദിക്, സിൽവസ്റ്റർ എന്നിവരാണ് മൃതദേഹം കണ്ടത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പൂന്തുറയിൽനിന്ന് കാണാതായ ഷീജയുടെ മൃതദേഹമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.

പൂന്തുറ പോലീസെത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. ശനിയാഴ്ച പുലർച്ചയോടെയാണ് ഷീജയെ വീട്ടിൽനിന്ന് കാണാതാകുന്നത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. കത്ത് എഴുതി വെച്ചശേഷമാണ് യുവതി വീട്ടിൽനിന്ന് പോയതെന്ന് പൂന്തുറ പോലീസ് അറിയിച്ചു.

കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ നിന്ന് ബി.ടെക് പഠനം പൂർത്തിയാക്കിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു. സ്റ്റെഫി, വിജിത, സുജിൻ എന്നിവർ ഷീജയുടെ സഹോദരങ്ങളാണ്.