തിരുവനന്തപുരം : ആറ്റുകാൽ മേടമുക്ക് കാർത്തിക നഗറിൽ ജയ എന്ന വീട്ടമ്മയുടെ ദയനീയാവസ്ഥ മാറ്റാൻ മന്ത്രി ജി.ആർ.അനിലിന്റെ ഇടപെടൽ. കുടുംബത്തിന് അവധി ദിനത്തിലും നടപടികൾ പൂർത്തീകരിച്ച് റേഷൻ കാർഡുമായി മന്ത്രി നേരിട്ട് വീട്ടിൽ എത്തുകയായിരുന്നു.

പറക്കമുറ്റാത്ത നാലു കുട്ടികളുമായി പരാശ്രയരായി വാടകവീട്ടിൽ കഴിയുകയായിരുന്നു ഈ കുടുംബം. വാടകവീട്ടിൽ കഴിയുന്നവർക്കും വാടക ചീട്ട് ഇല്ലെങ്കിലും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയുമായി റേഷൻ കാർഡിന് അപേക്ഷ സമർപ്പിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ റേഷൻ കാർഡ് ലഭ്യമാക്കുന്ന സംവിധാനമാണ് ഭക്ഷ്യവകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രി വി.ശിവൻകുട്ടി സന്നിഹിതനായിരുന്നു.

ജയയുടെ കുട്ടികളുടെ പഠനാവശ്യത്തിനായി മന്ത്രി ജി.ആർ.അനിൽ സ്മാർട്ട്ഫോൺ നൽകി. പ്രദേശത്തെ പാർട്ടി പ്രവർത്തകർ സമാഹരിച്ചുനൽകിയ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും മന്ത്രിമാർ കുടുംബത്തിനു നൽകി.

Content highlights: Minister visits home with ration card for bpl family