പാലോട് : ഗുണനിലവാരമില്ലാത്ത ഗോതമ്പ് വിതരണം ചെയ്യുന്നുവെന്ന കാർഡ് ഉടമയുടെ പരാതിയിൽ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ റേഷൻകടയിൽ മിന്നൽപ്പരിശോധന നടത്തി. പാലോട് എ.ആർ.ഡി. 117-ാം നമ്പർ ലൈസൻസിക്കെതിരേ ഒരു ഉപഭോക്താവ് നൽകിയ പരാതിയിൽ 24 മണിക്കൂറിനുള്ളിലാണ് മന്ത്രി ഉദ്യോഗസ്ഥരുമായി പരിശോധനയ്ക്കെത്തിയത്.

വിതരണത്തിനു വച്ചിട്ടുള്ള അരിച്ചാക്കുകളും ഗോതമ്പും പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ മന്ത്രി, രേഖകളും പരിശോധിച്ചു. തിങ്കളാഴ്ച വൈകീട്ട് റേഷൻ വാങ്ങാനെത്തിയ ഉപഭോക്താവിനാണ് ഗുണനിലവാരമില്ലാത്ത ഗോതമ്പ് നൽകിയത്. തുടർന്ന് കാർഡുടമ മന്ത്രിക്ക് രേഖാമൂലം പരാതി നൽകി.

ചൊവ്വാഴ്ച രാവിലെ തെന്നൂരിൽ പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങുംവഴിയാണ് കടയിൽ മന്ത്രി പരിശോധനയ്ക്ക് ഇറങ്ങിയത്. മന്ത്രി എത്തിയതറിഞ്ഞ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും പോലീസുകാരും ഓടിയെത്തി. നാട്ടുകാരും കൂടി.

ഉപഭോക്താക്കളോടു മാന്യമായി പെരുമാറണമെന്നു പറഞ്ഞ മന്ത്രി, ഭക്ഷ്യയോഗ്യമല്ലാത്ത ഉല്പന്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിതരണം ചെയ്യരുതെന്നും റേഷനിങ് ഉദ്യോഗസ്ഥരെ അക്കാര്യം ധരിപ്പിച്ച് ഭക്ഷ്യധാന്യം മാറ്റിവാങ്ങണമെന്നും നിർദേശിച്ചു.

എല്ലാ റേഷൻകടകളിലും വിതരണത്തിന് എത്തിച്ച ഭക്ഷ്യധാന്യം ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്താൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയശേഷമാണ് മന്ത്രി മടങ്ങിയത്.

താലൂക്ക് സപ്ലൈ ഓഫീസർ ഷാജഹാൻ, റേഷനിങ് ഇൻസ്‌പെക്ടർമാരായ ജയകുമാർ, താജുദീൻ, സുനിത ബി.നായർ, ഷംല ഷംസുദീൻ, അനിതകുമാരി എന്നിവർ മന്ത്രിയുടെ പരിശോധന അറിഞ്ഞ് സ്ഥലത്തെത്തി. മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മുഴുവൻ കടകളിലും അടിയന്തര പരിശോധന നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ഷാജഹാൻ അറിയിച്ചു.