നാഗർകോവിൽ: ദേവീശരണ മന്ത്രങ്ങളും വായ്‌ക്കുരവയും മുഴങ്ങവേ ആയിരങ്ങളെ സാക്ഷിയാക്കി ഞായറാഴ്ച രാവിലെ മണ്ടയ്ക്കാട് ഭഗവതിക്ഷേത്രത്തിലെ കൊട മഹോത്സവത്തിനു കൊടിയേറി. പുലർച്ചെ 4.30-ന് ക്ഷേത്ര നടതുറന്ന് ഗണപതി ഹോമവും പ്രത്യേക പൂജകളും നടത്തിയശേഷം 7.45-ഓടെയാണ് കൊടിയേറ്റിയത്.

തുടർന്ന് അനുബന്ധ പൂജകൾ നടന്നു. ക്ഷേത്രതന്ത്രി മഹാദേവ അയ്യരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. തെലുങ്കാന ഗവർണർ തമിഴിശൈ സൗന്ദർരാജൻ, തമിഴ്‌നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി ദളവായ് സുന്ദരം, ജില്ലാ കളക്ടർ പ്രശാന്ത് വദനേറെ, എസ്.പി. ശ്രീനാഥാ, പദ്മനാഭപുരം സബ് കളക്ടർ ശരണ്യ അറി, കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണർ അൻപുമണി, ദേവസ്വം ചെയർമാൻ ശിവ കുറ്റാലം, കൽകുളം തഹസിൽദാർ രാജാസിങ്, ഉൾപ്പടെയുള്ളവർ പങ്കെടുത്തു.

പുലർച്ചെ മുതൽ ക്ഷേത്രത്തിൽ അനുഭവപ്പെട്ട ഭക്തജനത്തിരക്ക് രാത്രിയും തുടർന്നു. തിരുവനന്തപുരത്തുനിന്നും മറ്റും കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു പ്രത്യേക ബസ് സർവീസ് ഉണ്ടായിരുന്നു. എ.എസ്.പി. വിശ്വേഷ് ശാസ്ത്രിയുടെ നേതൃത്വത്തിൽ വൻ സുരക്ഷാസംവിധാനങ്ങൾ പോലീസ് ഒരുക്കിയിരുന്നു. ആറാം ഉത്സവദിവസമായ ആറിന് രാത്രി 12-ന് വലിയ പടുക്ക സമർപ്പിക്കും. പത്തിന് രാത്രി 12-ന് പാരമ്പര്യരീതിയിൽ ഒടുക്കുപൂജ നിവേദ്യങ്ങൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് ഒരു മണിയോടെ ഒടുക്ക് പൂജ നടത്തും.