കാട്ടാക്കട: കളഞ്ഞുകിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച സത്യസന്ധതയ്ക്കു ചുമട്ടുതൊഴിലാളിക്ക്‌ പൗരാവലിയുടെ ആദരം.

കാട്ടാക്കട കഞ്ചിയൂർക്കോണം വാസുദേവത്തിൽ സി.ഐ.ടി.യു. ചുമട്ടുതൊഴിലാളി യൂണിയൻ കൺവീനർ കൂടിയായ വാസുദേവൻ നായരെയാണ് ആദരിച്ചത്.

ഞായറാഴ്ച പോലീസ് സ്റ്റേഷനിൽ വ്യാപാരി-വ്യവസായി, സന്നദ്ധ സംഘടനകൾ, ഗ്രന്ഥശാല പ്രവർത്തകർ, ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിൽ വാസുദേവരെ പൊന്നാട ചാർത്തി അനുമോദിച്ചു.

മൂന്നു മാസം മുൻപ് തൊഴിലാളികളുടെ വിഹിതമടയ്ക്കാനുള്ള പണവുമായി ലേബർ ഓഫീസിൽ പോകവെ കാട്ടാക്കട കോടതിക്കു സമീപത്തുനിന്നാണ് 4000 രൂപ ഇദ്ദേഹത്തിനു കിട്ടുന്നത്. ലേബർ ഓഫീസിലെ ഒരു ജീവനക്കാരനോട് വിവരം പറഞ്ഞു. തുടർന്ന് കാട്ടാക്കട പോലീസ് സ്റ്റേഷനിലെത്തി തുക കൈമാറി.

സംഭവം നടന്ന് മൂന്നുമാസത്തോളമായിട്ടും ആരും പണത്തിന് അവകാശികളായി എത്തിയില്ല. തുടർന്ന് തുക ഏതെങ്കിലും കാരുണ്യ സ്ഥാപനത്തിനു കൈമാറാൻ എസ്.ഐ. രതീഷ് നിർദേശിച്ചു. തുടർന്ന് കുരുതംകോടുള്ള തണൽ മെന്റൽ റിഹാബിലിറ്റേഷൻ സെൻററിലെ അന്തേവാസികളുടെ ക്ഷേമത്തിനായി കൈമാറി.

വാസുദേവൻ നായരുടെ മാതൃക സമൂഹത്തിനു നൽകുന്ന സന്ദേശം പരിഗണിച്ചാണ് പൗരസമൂഹം അദ്ദേഹത്തിന് ആദരം നൽകിയത്.