ഇഗ്നേഷ്യസ് അമ്മയെ യാത്രയാക്കി, പി.പി.ഇ. കിറ്റ്‌ ധരിച്ച്‌തിരുവനന്തപുരം : അമ്മയുടെ മരണം അറിയുമ്പോൾ ഇഗ്‌നേഷ്യസ്‌ ക്വാറന്റീനിലായിരുന്നു. അമ്മയ്ക്ക്‌ അന്തിമോപചാരമർപ്പിക്കണമെന്ന ആഗ്രഹം സർവീസസ് ടീം മുൻ ഫുട്ബോൾ താരം അധികൃതരെ അറിയിച്ചു. അവരുടെ അനുമതിയോടെ പി.പി.ഇ. കിറ്റ്‌ ധരിച്ച്‌ അമ്മയ്ക്കരികിലെത്തി അന്തിമോപചാരമർപ്പിച്ചു. സർവീസസ്‌ താരമായിരുന്ന ഇഗ്‌നേഷ്യസ്‌ ലേയിലെ പട്ടാളക്യാമ്പിലാണ് ജോലി ചെയ്യുന്നത്. ഒരാഴ്ചമുമ്പ് നാട്ടിലെത്തി കൈമനം പോളിടെക്‌നിക്കിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക്‌ മാറി. ഞായറാഴ്ച രാവിലെയാണ് അമ്മ ജോസഫൈൻ മരിച്ചത്‌.

അമ്മയെ അവസാനമായി കാണണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ അധികൃതർ അതിന് സൗകര്യം ചെയ്തുകൊടുത്തു. പി.പി.ഇ. കിറ്റ് ധരിച്ച് ആംബുലൻസിലാണ് അമ്മയുടെ മൃതദേഹം കിടത്തിയിരുന്ന പുതിയതുറയിലെ സഹോദരന്റെ വീട്ടിലെത്തിയത്.

എട്ടുമക്കളിൽ ഇളയവനാണ് ഇഗ്നേഷ്യസ്. അമ്മയുടെ കോവിഡ് പരിശോധന നെഗറ്റീവായതോടെ ഉച്ചയ്ക്ക് പുതിയതുറ സെയ്‌ന്റ് നിക്കോളസ് ചർച്ചിൽ ശവസംസ്കാരം നടന്നു. ചടങ്ങുകൾക്ക് കാത്തുനിൽക്കാതെ ഇഗ്നേഷ്യസ് നേരേ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മടങ്ങി. 1994 മുതൽ 2004 വരെ സർവീസസിന്റെ മിഡ്ഫീൽഡറായിരുന്നു.