തിരുവനന്തപുരം: ഒരു കിലോ മീറ്റർ നീളമുള്ള കാൻവാസിൽ ഖുർആൻ കൈയെഴുത്ത് തയ്യാറാക്കാനൊരുങ്ങി കാർട്ടൂണിസ്റ്റ് എം.ദിലീഫ്. ആദ്യഘട്ടമായി 300 മീറ്റർ നീളത്തിൽ തയ്യാറാക്കിയ കൈയെഴുത്തിന്റെ പ്രദർശനം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സ്വാമി സന്ദീപാനന്ദഗിരി ഉദ്ഘാടനം ചെയ്തു.
ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് ഒരു കിലോ മീറ്റർ ദൈർഘ്യമുള്ള ഖുർആൻ കൈയെഴുത്ത് തയ്യാറാക്കാനാണ് ദിലീഫ് ലക്ഷ്യമിടുന്നത്. മൂന്നുവർഷംകൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഖുർആൻ കൈയെഴുത്തിന്റെ തുടർപ്രദർശനങ്ങൾ ഷാർജ, യു.കെ., ഇസ്താംബൂൾ എന്നിവിടങ്ങളിൽ നടക്കും.
2016-ൽ ലോകത്തിലെ ഏറ്റവും വലിയ ബാഡ്മിന്റൺ റാക്കറ്റ് നിർമിച്ച് ദിലീഫ് ഗിന്നസ് റെേക്കാഡിൽ ഇടംനേടിയിട്ടുണ്ട്. 2010-ൽ ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് കടപ്പുറത്ത് ‘ഞങ്ങൾ ഗാന്ധിജിക്കൊപ്പം’ എന്ന തലക്കെട്ടിൽ 3333 ചതുരശ്ര അടി വലുപ്പത്തിൽ വരച്ച മഹാത്മാഗാന്ധിയുടെ കാരിക്കേച്ചർ ലിംക ബുക്ക് ഒാഫ് റെക്കോഡിലും ഇടംനേടി.
2017-ൽ യു.എ.ഇ.യിൽ നിർമിച്ച എട്ട് മീറ്റർ നീളവും അഞ്ച് മീറ്റർ ഉയരവുമുള്ള ഓടിക്കാൻ കഴിയുന്ന സൈക്കിൾ അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡിലും ഇടംനേടിയിട്ടുണ്ട്. എഴുത്തുകാരെ കൊലപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് നിർമിച്ച ആറ് മീറ്റർ നീളമുള്ള പേന തുടങ്ങി നിരവധി വിസ്മയങ്ങളും നിർമിച്ചിട്ടുണ്ട്. കോഴിക്കോട് മുക്കം നെല്ലിക്കാപ്പറമ്പ് സ്വദേശിയാണ് ദിലീഫ്.
പ്രകാശനച്ചടങ്ങിൽ ശാന്തിസമിതി ജനറൽ കൺവീനർ ഷഹീർ മൗലവി അധ്യക്ഷനായി. പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി, ബ്രദർ പീറ്റർ, സജീഷ് മുഖത്തല തുടങ്ങിയവർ സംസാരിച്ചു.
content Highlight: Cartoonist M Dileesh make one km long Manuscript of Quran