അമ്പൂരി : പുതിയൊരു വീട് പണിയണമെന്നത് സെൽവമുത്തുവിന്റെ ആഗ്രഹമായിരുന്നു. ഇടിഞ്ഞുപൊളിഞ്ഞ പഴയ വീടിരുന്ന സ്ഥലത്താണ് പുതിയ വീട് പണിയാൻ പദ്ധതിയിട്ടിരുന്നത്. പൊളിഞ്ഞ ചുവരുകളും മണ്ണും മാറ്റി വസ്തു നിരപ്പാക്കുന്നതിനായ പരിചയക്കാരനായ മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവറുമായി സംസാരിച്ച് വാടകയൊക്കെ പറഞ്ഞ് നിശ്ചയിച്ച് ഞായറാഴ്ച പണി തുടങ്ങാനിരിക്കവേയാണ് സെൽവമുത്തുവിന് അന്ത്യം സംഭവിച്ചത്.

വർഷങ്ങൾക്ക് മുമ്പ് താമസിച്ചിരുന്ന വീട് വാസയോഗ്യമല്ലാതെ ഇടിഞ്ഞുവീണതിനെ തുടർന്ന് സമീപത്തായി സിമന്റ് കട്ടയും ആസ്ബറ്റോസ് ഷീറ്റുമിട്ട ചെറിയൊരു വീട്ടിലാണ് സെൽവമുത്തുവും കുടുംബവും താമസിച്ചുവന്നിരുന്നത്. ടിപ്പർലോറി ഡ്രൈവറായും ജോലി ചെയ്തുവന്നിരുന്നു.

സഹോദരങ്ങളോടും മറ്റു ബന്ധുക്കളോടും അയൽവാസികളോടും അത്ര അടുപ്പത്തിലല്ലായിരുന്നു. എന്നാൽ സഹപ്രവർത്തകരോട് നല്ല പ്രകൃതമായിരുന്നൂവെന്നും സുഹൃത്തുക്കൾ പറയുന്നു. സെൽവമുത്തുവിന്റെ ദുരൂഹമരണവും സുഹൃത്തുക്കളെ ഞെട്ടലിലാക്കിയിരിക്കുകയാണ്. രാവിലെ അഞ്ചുമണിയോടടുത്തപ്പോഴാണ്‌ സെൽവമുത്തുവിന്റെ ഭാര്യ സുമലത സമീപവാസിയായ ഓട്ടോഡ്രൈവറുടെ വീട്ടിലെത്തിയത്‌.

സെൽവമുത്തുവിന് ബൈക്കപടകം പറ്റിയെന്നാണ് പറഞ്ഞത്. ഓടിയെത്തി കട്ടിലിൽ കിടക്കുന്ന സെൽവമുത്തുവിന്റെ മുഖത്തെ തൂണി മാറ്റിയപ്പോൾ ചോരയൊലിച്ചനിലയിൽ കണ്ടു. പൾസ് നോക്കാനായി കൈയിൽ പിടിച്ചപ്പോൾ തണുത്ത് വിറങ്ങലിച്ചനിലയിലായിരുന്നു. ഈ സമയം മുഴുവനും സെൽവമുത്തുവിന്റെ ഭാര്യ സുമലത വീട്ടിന്റെ അകത്ത് കയറാതെ മുറ്റത്താണ് നിന്നത്. ബൈക്കിൽ നോക്കിയപ്പോൾ സെൽവമുത്ത് ബൈക്ക് അനക്കിയ ലക്ഷണം പോലുമില്ലാത്തതിൽ പന്തികേടു തോന്നി ഉടനെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

'അമ്മ പറഞ്ഞു മുള്ളുകൊണ്ടതെന്ന് '

അമ്പൂരി : സെൽവമുത്തുവിന്റെ രണ്ടാമത്തെ മകനായ ഓട്ടിസം ബാധിച്ച ജിത്തു ഇടയ്ക്ക് ഉണർന്നെണീറ്റപ്പോൾ അടുത്ത് കിടന്നിരുന്ന അച്ഛന്റെ കഴുത്തിലെ രക്തം കണ്ടു. അമ്മയോട് തിരക്കിയപ്പോൾ മുള്ളുകൊണ്ടതാണെന്നാണ് പറഞ്ഞതെന്ന് പോലീസ് പറഞ്ഞു.

മാനസിക വെല്ലുവിളികളെത്തുടർന്ന് സുമലത പരിസരവാസികളോടുപോലും അടുപ്പത്തിലല്ല. കൂടാതെ വലുതായിട്ട് പുറത്തുപോകാറില്ല. സെൽവമുത്തുവും വീട്ടിൽ കർക്കശക്കാരനായിരുന്നു. ഇടയ്ത്തിടെ വീട്ടിൽ വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും പരിസരവാസികൾ പറയുന്നു.