മംഗലപുരം: ഭിന്നശേഷിക്കാരനായ കുടവൂർ ഐകുട്ടിക്കോണത്ത് വീട്ടിൽ ആരോമലിന് തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി., എസ്.പി.സി., ജെ.ആർ.സി. യൂണിറ്റുകളിലെ വിദ്യാർഥികളുടെ കൈത്താങ്ങ്. വിദ്യാർഥികൾ സമാഹരിച്ച തുകയിൽനിന്ന്‌ ആരോമലിന് പമ്പുസെറ്റും അനുബന്ധ സാധനങ്ങളും വാങ്ങിനൽകി.

ആരോമൽ തോന്നയ്ക്കൽ ഗവ.എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. നിർധനകുടുംബത്തിന് പഞ്ചായത്ത് നൽകിയ വീടിന്റെ നിർമാണ ജോലികൾ നടന്നുവരുകയാണ്.

കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കി തോന്നയ്ക്കൽ സ്കൂളിലെ വിദ്യാർഥികൾ ഇവരെ സഹായിക്കാൻ മുന്നോട്ടുവന്നു. വിദ്യാർഥികളും അധ്യാപകരും പണം സമാഹരിക്കുകയും പുതിയ പമ്പുസെറ്റും അനുബന്ധ സാധനങ്ങളും വാങ്ങിനൽകുകയുമായിരുന്നു. വാർഡംഗം ഉദയകുമാരി, പി.ടി.എ. പ്രസിഡന്റ് സജയകുമാർ, പ്രഥമാധ്യാപിക റസിയ ബീവി, പി.ടി.എ. വൈസ് പ്രസിഡന്റ് രാജശേഖരൻ നായർ, വിനയൻ, ബൈജു, മുഹമ്മദ്, സന്തോഷ് തോന്നയ്ക്കൽ, ഷഫീഖ്, ദിവ്യ, ലത തുടങ്ങിയവർ പങ്കെടുത്തു.