മടവൂർ: പ്രകൃതി ഇല്ലാതെ നാമില്ലെന്ന സന്ദേശവുമായി മടവൂർ ഗവൺമെൻറ് എൽ.പി. സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം ഒരുങ്ങി. പച്ചപ്പണിഞ്ഞ ജൈവ വൈവിധ്യ പാർക്ക് ഡിജിറ്റൽ സങ്കേതിതവിദ്യയിലൂടെ ഹൈടെക് ഉദ്യാനവുമാക്കി.

ഇവിടത്തെ ചെടികളുടെ വിവരം സ്മാർട്ട് ഫോണിൽ ലഭിക്കുന്ന സംവിധാനമാണ് ഒരുക്കിയത്. ഓരോ ചെടികൾക്കു മുകളിലും ക്യൂആർ കോഡ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സ്കാൻ ചെയ്താൽ ചെടിയുടെ പേര്, ശാസ്ത്രീയനാമം, ഔഷധ ഉപയോഗം എന്നിങ്ങനെയുള്ള വിവരങ്ങൾ ലഭിക്കും. ഇതോടൊപ്പം അതിലെ ഐക്കണിൽനിന്ന് വെബ് സെർച്ച് ചെയ്ത് കൂടുതൽ വിവരങ്ങൾ വിക്കീപീഡിയയിലും യുട്യൂബിൽനിന്നും ലഭിക്കും.

തൊട്ടറിയാം, മണത്തറിയാം, ശലഭോദ്യാനം, അലങ്കാരച്ചെടികൾ, ഔഷധവനം, പച്ചക്കറിത്തോട്ടം എന്നീ വിഭാഗങ്ങളാണ് പാർക്കിലുള്ളത്. അധ്യാപകരും കുട്ടികളും ശേഖരിച്ച നൂറോളം ചെടികളാണ് ഉദ്യാനത്തിലുള്ളത്. പി.ടി.എ.യും ചേർന്നാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്.

പാർക്ക് നിർമാണത്തിനായി വിദ്യാഭ്യാസ വകുപ്പിൽനിന്ന് 10,000 രൂപ ലഭിച്ചിരുന്നു. ജൈവവൈവിധ്യ പാർക്ക് വി.ജോയ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.