ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കായി ഇനി പുസ്തകങ്ങൾ. ആറ്റിങ്ങൽ ഗവ. കോളേജാണ് ആശുപത്രിയിൽ തുറന്ന ഗ്രന്ഥശാല എന്ന പുതിയ പദ്ധതി നടപ്പാക്കിയത്.

കൂട്ടിരിപ്പുകാർക്കുള്ള വിശ്രമകേന്ദ്രത്തിലാണ് ഗ്രന്ഥശാല ഒരുക്കിയിട്ടുള്ളത്. വിദ്യാർഥികൾ ശേഖരിച്ച പുസ്തകങ്ങളാണ് ഗ്രന്ഥശാലയിലുള്ളത്.

പുസ്തക അലമാര അധ്യാപകർ ചേർന്നാണ് വാങ്ങിനല്കിയത്. ഗ്രന്ഥശാലയുടെ സംരക്ഷണം കൂട്ടിരിപ്പുകാർക്കാണ്. പൊതുജനങ്ങൾക്ക് പുസ്തകങ്ങൾ സംഭാവനചെയ്യാം.

ഗ്രന്ഥശാലയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ എം.പ്രദീപ് നിർവഹിച്ചു.

പ്രിൻസിപ്പൽ ഡോ. പി.മണികണ്ഠൻനായർ അധ്യക്ഷനായി. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എസ്.പ്രവീൺചന്ദ്ര, ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻജോസ്, ഡോ.സുനിൽരാജ്, ഡോ.കെ.ബി.ശെൽവമണി, ഡോ.കെ.പ്രദീപ്കുമാർ, അജിൻചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Content Highlights: library in valiyakunnu taluk hospital