കോവളം: കോസ്റ്റ് ഗാർഡിനുവേണ്ടി വിഴിഞ്ഞത്ത് കടലിനഭിമുഖമായി നിർമിക്കുന്ന ബോട്ട് ജെട്ടിയുടെ നിർമാണം കടലേറ്റം ശക്തമായതിനെത്തുടർന്ന് അനിശ്ചിതത്വത്തിലായി. പൈലിങ് നടത്തുന്നതിന് വേണ്ടി എത്തിച്ച പോണ്ടുണിനെ താങ്ങിനിർത്തുന്ന തൂണുകൾ തകർന്നു. ഇതോടെ താത്‌കാലികമായി പൈലിങ് പണികൾ നിർത്തി.

ശക്തമായ തിരയിൽ പോണ്ടൂണിനെ ജെട്ടിയുമായി ബന്ധിച്ചിരുന്ന സിമന്റ് നിർമിത ബൊള്ളാഡുകൾ (ബോട്ടുകൾ കെട്ടിയിടുന്ന തൂണുകൾ) തകർന്നു. ഒൻപത് കോടി രൂപയാണ് ജെട്ടിനിർമാണത്തിനായുള്ള ചെലവ്. തുറമുഖ എൻജിനീയറിങ് വകുപ്പിനാണ് നിർമാണച്ചുമതല. 72 മീറ്റർ നീളത്തിലും 20 മീറ്റർ വരെ വീതിയിലുമാണ് പുതിയ ബോട്ട് ജെട്ടി നിർമിക്കുന്നത്. 52 പൈലുകളാണ് നിർമാണത്തിനായി വേണ്ടത്. ആദ്യഘട്ടത്തിൽ 32 പൈലുകളാണ് സ്ഥാപിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.