
ബീച്ചിൽ അടിഞ്ഞ ക്ലാത്തി മീനുകൾ
കോവളം: തീരത്ത് ക്ലാത്തി മീനുകൾ കൂട്ടത്തോടെ ചത്തടിഞ്ഞു. ലൈറ്റ് ഹൗസ് ബീച്ച് മുതൽ ഇടക്കല്ല് പാറക്കൂട്ടം വരെയുള്ള തീരത്താണ് വ്യാഴാഴ്ച രാവിലെ ആയിരക്കണക്കിന് കറുത്ത നിറത്തിലുള്ള ക്ലാത്തി മീനുകൾ ചത്തടിഞ്ഞത്.
കൈപ്പത്തി വലിപ്പത്തിലുള്ള ക്ലാത്തി മത്സ്യങ്ങളാണ് അടിഞ്ഞത്. മീനുകൾ കാക്കകൾ കൊത്തിവലിച്ചും നായ്ക്കൾ കടിച്ച് കൊണ്ടുപോകുന്നതും കണ്ടപ്പോൾ ലൈറ്റ് ഹൗസ് ബീച്ച് പരിസരത്തെ ഹോട്ടലുകളിലെ ജീവനക്കാരെത്തി ഇവ കുഴിച്ചുമൂടി.
വർഷംതോറും ഇത്തരത്തിൽ ജില്ലയിലെ തീരത്ത് ക്ലാത്തി മീനുകൾ ചത്തടിയാറുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ആഴക്കടലിൽ കിഴക്കുഭാഗത്ത് നിന്ന് വടക്കോട്ട് ഒഴുക്കുണ്ടാകുമ്പോഴാണ് ഇത്തരം മീനുകൾ ദിശമാറി കരഭാഗത്തേക്ക് എത്തുക. ഇവയ്ക്ക് കരഭാഗത്തെ വെള്ളത്തിൽ ജീവിക്കാൻ പറ്റാതെവരുമ്പോഴാണ് ചത്തൊടുങ്ങുന്നതെന്നും മീൻപിടുത്തക്കാർ പറഞ്ഞു.
സീസണടുത്തതോടെ ധാരാളം സഞ്ചാരികൾ കോവളത്തെ വിവിധ ഹോട്ടലുകളിൽ താമസിക്കുന്നുണ്ട്. തീരം മോശമാകുകയും ചത്തടിഞ്ഞവ ദുർഗന്ധം പരത്താനും സാധ്യയുള്ളതിനാലാണ് ഇവയെ പെട്ടെന്ന് കുഴിച്ച് മൂടിയത്. രാവിലെ ഒൻപതരയോടെതന്നെ തീരം വൃത്തിയാക്കി.