കോവളം: വാഴമുട്ടം-തിരുവല്ലം ബൈപ്പാസിൽ വേങ്കറയ്ക്കുസമീപം വാൻ നിയന്ത്രണംതെറ്റി സർവീസ് റോഡിലെ ഹോട്ടലിലേക്ക് ഇടിച്ചുകയറി. വാൻ ഡ്രൈവർ നെയ്യാറ്റിൻകര കണ്ണറവിള സ്വദേശി മനുവിന് ഗുരുതര പരിക്കേറ്റു. സമീപത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴോടെയാണ് അപകടം. പരിക്കേറ്റ ഡ്രൈവറെ ഹൈവേ പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. വാഴമുട്ടം ഭാഗത്തുനിന്ന് തിരുവല്ലത്തേക്ക് വരുകയായിരുന്നു വാൻ പെട്ടെന്ന് നിയന്ത്രണംതെറ്റി ബൈപ്പാസ് റോഡിലുള്ള ബാരിക്കേഡ് തകർത്ത് സർവീസ് റോഡിലേക്ക് ഇറങ്ങി ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രഭാതസവാരി നടത്തുകയായിരുന്നവർ ചിതറിയോടിയതിനാൽ രക്ഷപ്പെട്ടു. ഹോട്ടൽ സെക്യൂരിറ്റി ജീവനക്കാരനായ ഗോപിനാഥൻനായരാണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത്. ഹോട്ടൽ അടച്ചിരുന്നതിനാൽ വൻ അപകടം ഒഴിവായെന്ന് തിരുവല്ലം പോലീസ് പറഞ്ഞു.