വട്ടിയൂർക്കാവ് : കവടിയാറിൽ കത്തികാട്ടി വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തുകയും നിർത്തിയിട്ടിരുന്ന വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തയാളെ പോലീസ് പിടികൂടി. വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശി തട്ട് വേണു എന്ന വേണു(51)വിനെയാണ് പേരൂർക്കട പോലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ കവടിയാർ പൈപ്പ് ലൈൻ റോഡിലായിരുന്നു സംഭവം.
കത്തി കാട്ടി ഭീഷണിപ്പെടുത്തിയ വേണു, ജി.പി.ഒ. ഉദ്യോഗസ്ഥനായ പ്രശാന്തിന്റെ കാറിന്റെ ചില്ലുകൾ തകർത്തു. ഇവിടത്തെ ഒരു സ്ഥാപനത്തിൽനിന്ന് മകനെ കൂട്ടിക്കൊണ്ടുപോകാനായി എത്തിയ എ.എച്ച്.ഹഫീസ് എന്നയാളെ വാഹനം തടഞ്ഞുനിർത്തി ആക്രമിക്കാനും കുത്തിപ്പരിക്കേൽപ്പിക്കാനും ശ്രമിച്ചു.
പേരൂർക്കട പോലീസ് സ്ഥലത്തെത്തി. എസ്.ഐ.മാരായ സഞ്ചു ജോസഫ്, ഷിബു, എ.എസ്.ഐ. രാംകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ജിതിൻ എന്നിവർ ചേർന്നാണ് വേണുവിനെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.