തിരുവനന്തപുരം: കോട്ടയ്ക്കകം പുത്തൻതെരുവിൽ ഞായറാഴ്ച രാവിലെ വരയിൽ ഐശ്വര്യംവിതറി കോലങ്ങൾ നിരന്നു. തമിഴ് ബ്രാഹ്മണരുടെ ആചാരങ്ങളിലൊന്നായ കോലം വരയ്ക്കൽ പ്രോത്സാഹിപ്പിക്കാൻ കേരള ബ്രാഹ്മണസഭ ജില്ലാ വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതകൾക്കായി നടന്ന കോലം മത്സരമാണ് തെരുവിനെയാകെ ചിത്രമയമാക്കിയത്. ഞായറാഴ്ച നടന്ന മത്സരത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പടെ 130 പേർ പങ്കെടുത്തു.

വരകൾ യോജിപ്പിച്ച് വരയ്ക്കുന്ന വരക്കോലം നാലടി ചതുരത്തിൽ പൂർത്തിയാക്കണം. കാവി നിറവും കോലത്തിൽ ഉൾപ്പെടുത്താം. രാവിലെ 6-ന് ആരംഭിച്ച മത്സരം 8 മണിയോടെ അവസാനിച്ചു. തുടർന്ന് നടന്ന വിധിനിർണയത്തിൽ വിശാലാക്ഷി(ഒന്നാംസ്ഥാനം), വി.ഉമ(രണ്ടാംസ്ഥാനം), സായ് മീന.എം.(മൂന്നാംസ്ഥാനം) എന്നിവർ വിജയികളായി.

തുടർന്ന് കല്പനായകി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കോലങ്ങളെക്കുറിച്ച് വനിതാവിഭാഗം പുറത്തിക്കുന്ന ‘കോലംസ്-ഡിസൈൻ ഡിവൈൻ’ എന്ന പുസ്തകം കേരള ബ്രാഹ്മണസഭ മുഖ്യരക്ഷാധികാരി പട്ടം രാമകൃഷ്ണയ്യരുടെ ഭാര്യ ഭാമ രാമകൃഷ്ണൻ പ്രകാശനം ചെയ്തു. ജയാഗോവിന്ദൻ പുസ്തകം ഏറ്റുവാങ്ങി. ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് എച്ച്.ഗണേശ് പുസ്തകത്തിന്റെ ആദ്യവില്പന രമാ ശ്രീകാന്തിന് നൽകി നിർവഹിച്ചു.

Content Highlight: kolam drawing in Thiruvananthapuram